ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന് യുഎസ് നിരോധനം ഏര്‍പ്പെടുത്തുമോ? കേരളത്തിലെ ചെമ്മീന്‍ കര്‍ഷകര്‍ ആശങ്കയില്‍

ചട്ടവിരുദ്ധമായ മത്സ്യബന്ധന രീതികളാണ് അവലംബിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് യുഎസില്‍ നിരോധന ഭീഷണി. കടലിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതും കടലാമകളുടെ
 ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന് യുഎസ് നിരോധനം ഏര്‍പ്പെടുത്തുമോ? കേരളത്തിലെ ചെമ്മീന്‍ കര്‍ഷകര്‍ ആശങ്കയില്‍

കൊച്ചി: ചട്ടവിരുദ്ധമായ മത്സ്യബന്ധന രീതികളാണ് അവലംബിക്കുന്നതെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ചെമ്മീന്‍ ഇറക്കുമതിക്ക് യുഎസില്‍ നിരോധന ഭീഷണി. കടലിലെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതും കടലാമകളുടെ നിലനില്‍പ്പിനെ പരിഗണിക്കുന്നതുമായ ചെമ്മീന്‍ പിടുത്തം മാത്രമേ നടത്താവൂ എന്നാണ് യുഎസ് ഫിഷറീസ് വകുപ്പ് മുന്നോട്ട് വയ്ക്കുന്ന പ്രധാന നിര്‍ദ്ദേശം. ഇന്ത്യയിലെ പരമ്പരാഗത രീതികള്‍ ഈ നിയമം പാലിക്കുന്നില്ലെന്നാണ് വകുപ്പിന്റെ കണ്ടെത്തല്‍. ഇതോടെയാണ് ചെമ്മീന്‍ കയറ്റുമതി പ്രതിസന്ധിയിലായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. 7000 കോടിയോളം രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ ചെമ്മീന്‍ കയറ്റിയയ്ക്കുന്നതിലൂടെ പ്രതിവര്‍ഷം നേടുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സാധാരണയായി ബംഗാള്‍ ഉള്‍ക്കടലിലാണ് കടലാമകളെ കൂടുതലായും കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ കേരളതീരത്ത് ആ നിര്‍ദ്ദേശം ബാധകമാവില്ലെന്ന വസ്തുത യുഎസ് അധികൃതരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, കേരളത്തിലെ ചെമ്മീന്‍കെട്ടുകളില്‍ നിന്നാണ് ഭൂരിഭാഗം ചെമ്മീനുകളും കയറ്റുമതിക്കായി തിരഞ്ഞെടുക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഒരു സമവായത്തില്‍ രണ്ട് രാജ്യങ്ങള്‍ക്കും എത്തിച്ചേരാനാവുമെന്നുമാണ് മത്സ്യത്തൊഴിലാളി സംഘടനകള്‍ പ്രതീക്ഷിക്കുന്നത്. അടുത്തവര്‍ഷമാദ്യമാണ് യുഎസില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തില്‍ പരിശോധനകള്‍ക്കായി എത്തുക.


 
വാണിജ്യാടിസ്ഥാനത്തില്‍ ചെമ്മീന്‍ കടലില്‍ നിന്ന് പിടിക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ കുറിച്ച് 2017 മെയ് ഒന്നിനാണ് യുഎസ് ഉത്തരവിറക്കിയത്. കടലാമകളുടെ സംരക്ഷണം പൂര്‍ണമായും ഉറപ്പാക്കുന്ന തരത്തിലുള്ള നിര്‍ദ്ദേശങ്ങളാണ് 39 അംഗീകൃത രാജ്യങ്ങള്‍ക്ക് നല്‍കിയത്. ഈ പട്ടികയില്‍ ഉണ്ടായിരുന്നില്ലെങ്കിലും  ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് യുഎസില്‍ നിന്നും ഒരു സംഘം വിശദമായ പരിശോധനകള്‍ക്കായി നേരത്തേ ഒഡീഷയില്‍ എത്തിയിരുന്നു. ഒഡീഷയിലെ ഗോപാല്‍പൂര്‍ സന്ദര്‍ശിച്ച ശേഷം സംഘം വിശദമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച് മടങ്ങിയിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഇതുവരേക്കും തീരുമാനത്തിലെത്തിച്ചേരാന്‍ വകുപ്പിനും കഴിഞ്ഞിരുന്നില്ല.

ചട്ടങ്ങള്‍ നടപ്പിലാകുന്നതോടെ എവിടെ നിന്നാണ് മത്സ്യബന്ധനം നടത്തിയതെന്നും എങ്ങനെയാണ് പിടികൂടിയതെന്നും വിശദമാക്കേണ്ടതുണ്ട്. അനുവദനീയമല്ലാത്ത ഭാഗത്ത് നിന്നും പിടികൂടിയതോ, നിരോധിത മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചതോ ആണെങ്കില്‍ കയറ്റി അയക്കുന്ന ചെമ്മീന്‍ യുഎസ് സ്വീകരിക്കില്ല. ഒരു കടലാമയെ പോലും വലയിലാക്കാതെയുള്ള ടര്‍ട്ടില്‍ എക്‌സ്‌ക്ലൂഡര്‍ ഡിവൈസ് ചെമ്മീന്‍ പിടിക്കുന്നതിന് ഉപയോഗിക്കണമെന്നും യുഎസ് നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടുണ്ട്. 

നാശകരമായ രീതികള്‍ ഇന്ത്യ മത്സ്യബന്ധനത്തില്‍ തുടരുന്നില്ലെന്നും യുഎസ് അധികൃതരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നുമാണ് സിഎംഡിആര്‍എഫിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. കടലിലെ ആവാസ വ്യവസ്ഥയോട് ചേര്‍ന്ന് നില്‍ക്കുന്ന രീതിയാണ് കേരള തീരത്തുള്ളതെന്നും വലയില്‍ കുടുങ്ങുന്ന മറ്റ് ജീവികളെ കടലിലേക്ക് തന്നെ തിരികെ നിക്ഷേപിക്കാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com