ജലീലിന് മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നു ; കോടതിയില്‍ പോകൂ എന്ന മറുപടി ഭരണത്തിന്റെ അഹന്തയെന്ന് രമേശ് ചെന്നിത്തല

മന്ത്രിയുടെ ഇഷ്ടക്കാരനാണെങ്കില്‍ പരസ്യം പോലും നല്‍കാതെ ആളുകള്‍ക്ക് ജോലി നല്‍കാനാകുമോ ?
ജലീലിന് മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നു ; കോടതിയില്‍ പോകൂ എന്ന മറുപടി ഭരണത്തിന്റെ അഹന്തയെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ അഴിമതിക്കെതിരെ യുഡിഎഫ് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിന്റെ അഴിമതിയില്‍ മുഖ്യമന്ത്രി സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്രയും വന്‍ അഴിമതി നടത്താന്‍ മന്ത്രിക്ക് എങ്ങനെ ധൈര്യം വന്നു.  മുഖ്യമന്ത്രിയുടെ സംരക്ഷണം ഉള്ളതിനാലാണ് ജലീല്‍ അഴിമതി നടത്തിയതെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

അഴിമതിക്കാരനായ ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചുപോരുന്നത്. അഴിമതി ചൂണ്ടിക്കാട്ടിയാല്‍  അത് തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് സിപിഎം നേതാക്കള്‍ പറയുന്നത്. തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോകൂ എന്നാണ് മറുപടി പറയുന്നത്. ഇത് ഭരണത്തിന്റെ അഹന്തയാണ്. ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു. 

മന്ത്രിമാരുടെ സ്വന്തക്കാര്‍ക്ക് ദാനം ചെയ്യാനുള്ളതാണോ സര്‍ക്കാര്‍ വകുപ്പുകളും പദവികളും. മന്ത്രിയുടെ ഇഷ്ടക്കാരനാണെങ്കില്‍ പരസ്യം പോലും നല്‍കാതെ ആളുകള്‍ക്ക് ജോലി നല്‍കാനാകുമോ ?. ഇങ്ങനെ പോയാല്‍ ഇത് എവിടെ ചെന്ന് നില്‍ക്കും?. ഈ രാജ്യത്ത് നിയമവും ചട്ടവും ഒന്നുമില്ലേയെന്നും ചെന്നിത്തല ചോദിച്ചു. 

അനധികൃത നിയമനത്തെ ന്യായീകരിച്ചുകൊണ്ടുള്ള മന്ത്രി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്‌റ്റോടെ തന്നെ, മന്ത്രിയെ പുറത്താക്കാവുന്നതാണ്. അതില്‍ നിയമനം മന്ത്രി സമ്മതിക്കുന്നുണ്ട്. മാത്രമല്ല, മന്ത്രിയുടെ സ്വന്തക്കാരന്റെ ഡിഗ്രി കേരളത്തിലെ ഒരു സര്‍വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇ പി ജയരാജനെ മന്ത്രി പദവിയിലേക്ക് തിരികെ കൊണ്ടു വന്നതിലൂടെ എല്ലാവര്‍ക്കും ബന്ധുനിയമനം നടത്താമെന്ന സന്ദേശമാണ് മുഖ്യമന്ത്രിയും സിപിഎമ്മും നല്‍കിയിട്ടുള്ളത്. ഈ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരായി അധപതിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ ഡിവൈഎസ്പിയെ പൊലീസ് സംരക്ഷിക്കുകയാണ്. പൊലീസിലെ ഉന്നതരുടെ പിന്തുണ ഉള്ളതുകൊണ്ടാണ് ഡിവൈഎസ്പിയെ പിടിക്കാനാകാത്തത്. പൊലീസ് തന്നെ കേസ് അട്ടിമറിക്കുകയാണ്. തെളിവ് നശിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. ഇതിനായി സാക്ഷികളെ ഭീഷണിപ്പെടുത്തുകയാണ്. 

സാധാരണ പ്രതികള്‍ ആരെന്ന് കണ്ടെത്താനാകാത്ത കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. എന്നാല്‍ നെയ്യാറ്റിന്‍കര സംഭവത്തില്‍ പ്രതി ഡിവൈഎസ്പി ആണെന്ന് തിരിച്ചറിഞ്ഞിട്ടും കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത് കേസ് തേച്ചുമാച്ചു കളയുന്നിന് വേണ്ടിയാണ്. കേസ് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കുകയായിരുന്നു വേണ്ടത്. സംഭവം സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ ഡിവൈഎസ്പി ഹരികുമാറിനെ സര്‍ക്കാര്‍ എസ്പിയായി പ്രൊമോട്ട് ചെയ്യുമോയെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. 

സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടായപ്പോള്‍ രാവിലെ എട്ടുമണിയ്ക്ക് മുഖ്യമന്ത്രി ആശ്രമം സന്ദര്‍ശിച്ചു. എന്നാല്‍ സനല്‍ കൊല്ലപ്പെട്ടിട്ട് ആറു ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയില്ല. കേരളത്തിലെ പൊലീസ് നാഥനും നമ്പിയുമല്ലാത്ത അവസ്ഥയിലാണ്. ഡിജിപിയേക്കാള്‍ ഇപ്പോള്‍ ഉപദേശകനാണ് പൊലീസില്‍ റോളെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com