ജലീലിന്റെ സ്വീകാര്യതയില്‍ ലീഗിന് അസഹിഷ്ണുത, നടക്കുന്നത് വ്യക്തിഹത്യയെന്ന് കോടിയേരി

കെടി ജലീലിന് പൊതുസമൂഹത്തിലുള്ള സ്വീകാര്യതയില്‍ മുസ്ലിം ലീഗിനുള്ള അസഹിഷ്ണുതയാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് കോടിയേരി
ജലീലിന്റെ സ്വീകാര്യതയില്‍ ലീഗിന് അസഹിഷ്ണുത, നടക്കുന്നത് വ്യക്തിഹത്യയെന്ന് കോടിയേരി

കോഴിക്കോട്: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെടി ജലീല്‍ തെറ്റു ചെയ്‌തെന്നു കരുതുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമം അനുസരിച്ചാണ് കാര്യങ്ങള്‍ നടന്നിട്ടുള്ളത്. കെടി ജലീലിന് പൊതുസമൂഹത്തിലുള്ള സ്വീകാര്യതയില്‍ മുസ്ലിം ലീഗിനുള്ള അസഹിഷ്ണുതയാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് കോടിയേരി പറഞ്ഞു.

സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അതു പാലിച്ചാണ് നിയമനം നടന്നിട്ടുള്ളത്. ഇപി ജയരാജന്റെ കേസില്‍ ഹൈക്കോടതിയും ഇതു വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ കെടി ജലീല്‍ തെറ്റു ചെയ്തതായി കരുതുന്നില്ല. മറിച്ചു കരുതുന്നവര്‍ക്കു കോടതിയെ സമീപിക്കാമെന്ന് കോടിയേരി പറഞ്ഞു.

കെടി ജലീലിന് പൊതുസമൂഹത്തിലും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലും സ്വീകാര്യതയുണ്ട്. അതിലുള്ള അസഹിഷ്ണുത മൂലം മുസ്ലിം ലീഗ് പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണ്. വ്യ്ക്തിഹത്യാണ് ജലീലിനെതിരെ നടക്കുന്നത്. എന്നും രാവിലെ കുറെപ്പേര്‍ പ്രചാരണം അഴിച്ചുവിടുന്നു എന്നുവച്ച് ഒരാള്‍ തെറ്റു ചെയ്‌തെന്നു കരുതാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. 

മുസ്ലിം ലീഗ് തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തുന്ന പാര്‍ട്ടിയാണെന്നാണ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധിയോടെ തെളിഞ്ഞത്. ബിജെപിയും സംഘപരിവാറും വര്‍ഗീയ പ്രചാരണമാണ് നടത്തുന്നത്. മുസ്ലിം ലീഗ് പല തെരഞ്ഞെടുപ്പുകളിലും അതു നടത്തുന്നുണ്ട്. ഹൈക്കോടതി വിധിയോടെ അതു വ്യ്ക്തമായെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

സംഘപരിവാറിന്റെ ശബരിമല സമരം കേരളത്തില്‍ ചലനമൊന്നുമുണ്ടാക്കില്ല. പിണറായി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വോട്ടോ സീറ്റോ നോക്കിയല്ല സിപിഎം നിലപാടെടുക്കുന്നത്. എന്തു പ്രത്യാഘാതം സംഭവിച്ചാലും സുപ്രിം കോടതി വിധി നടപ്പാക്കും. ലോ്ക്‌സഭാ തെരഞ്ഞെടുപ്പില്‍ 2004ലെ ഫലം ആവര്‍ത്തിക്കുമെന്ന് കോടിയേരി പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com