'തന്ത്രിസ്ഥാനം ഒഴിയില്ല, ആര്‍ക്കും ഒഴിവാക്കാനും കഴിയില്ല'; ദേവന്റെ പിതൃസ്ഥാനത്താണ് തന്ത്രിയെന്ന് കണ്ഠര് രാജീവര്

'ദേവനെ ഒരു കുഞ്ഞായാണ് കാണുന്നത്. ദേവന്റെ കാര്യങ്ങള്‍ നടത്തുന്ന പിതൃസ്ഥാനം തന്ത്രിക്ക് ലഭിക്കുന്നു'
'തന്ത്രിസ്ഥാനം ഒഴിയില്ല, ആര്‍ക്കും ഒഴിവാക്കാനും കഴിയില്ല'; ദേവന്റെ പിതൃസ്ഥാനത്താണ് തന്ത്രിയെന്ന് കണ്ഠര് രാജീവര്

ബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ മല കയറ്റില്ലെന്ന ഉറച്ച തീരുമാനത്തിലാണ് തന്ത്രി കുടുംബം ഉള്‍പ്പടെയുള്ളവര്‍. സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതില്‍ പ്രതിഷേധിച്ച് തന്ത്രി കണ്ഠര് രാജീവര് തന്ത്രി സ്ഥാനം ഒഴിയുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം ദുഷ്പ്രചരണങ്ങള്‍ മാത്രമാണെന്നാണ് രാജീവര് പറയുന്നത്. തന്ത്രിസ്ഥാനം ഒഴിയാനോ ആര്‍ക്കും ഒഴിവാക്കാനോ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കണ്ഠര് രാജീവരുടെ പ്രതികരണം. 

'തന്ത്രിസ്ഥാനം ആര്‍ക്കും ഒഴിയാന്‍ കഴിയില്ല, ആര്‍ക്കെങ്കിലും ഒഴിവാക്കാനും പറ്റില്ല. താന്ത്രികാവകാശം മൂര്‍ത്തിയുടെ പിതാവ് എന്ന നിലയില്‍ പ്രതിഷ്ഠയ്ക്കുശേഷം കിട്ടുന്നതാണ്. ദേവനെ ഒരു കുഞ്ഞായാണ് കാണുന്നത്. ദേവന്റെ കാര്യങ്ങള്‍ നടത്തുന്ന പിതൃസ്ഥാനം തന്ത്രിക്ക് ലഭിക്കുന്നു . ഇതൊന്നും അറിയാതെയാണ് പല ചര്‍ച്ചകളും നടക്കുന്നത്' കണ്ഠര് രാജീവര് പറഞ്ഞു. 

യുവതികള്‍ പ്രവേശിച്ചാല്‍ ശുദ്ധിക്രിയകള്‍ നടത്തുമെന്നാണ് തന്ത്രി പറയുന്നത്. തന്ത്രി ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. ആ ചുമതല നിറവേറ്റും. അതിന് കഴിയാതെ വന്നാല്‍ താക്കോല്‍ കൈമാറി പടിയിറങ്ങുമെന്നും രാജീവര് പറഞ്ഞു. തന്ത്രിയുടെ വാക്കിന് സ്ഥാനമില്ലെങ്കില്‍ അവിടെ ആ സ്ഥാനം വഹിക്കുന്നതില്‍ കാര്യമില്ലെന്നാണ് തന്ത്രി പറയുന്നത്. 

യുവതികള്‍ വന്നാല്‍ നടയടയ്ക്കുന്നത് സംബന്ധിച്ച് താന്‍ ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ദേവസ്വം കമ്മീഷണര്‍ നോട്ടീസ് തന്നിരുന്നുവെന്നും അതിന് മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനോടോ ദേവസ്വം ബോര്‍ഡിനോടോ താഴമണ്‍ കുടുംബം എതിരല്ലെന്നും ക്ഷേത്രാചാരം സംരക്ഷിക്കുക എന്ന ചുമതലയാണ് നിറവേറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com