തീവണ്ടിയില്‍ മോശം തക്കാളി സോസ് വിളമ്പി: മൂന്നു ലക്ഷം രൂപ പിഴ 

ട്രെയിനിലെ പാന്‍ട്രി കാറില്‍ ഗുണനിലവാരമില്ലാത്ത തക്കാളി സോസ് വിതരണം ചെയ്തതിന് നിര്‍മ്മാണക്കമ്പനിക്കും കേറ്ററിങ് നടത്തുന്നവര്‍ക്കുമായി മൂന്ന് ലക്ഷം രൂപ പിഴ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഒറ്റപ്പാലം: ട്രെയിനിലെ പാന്‍ട്രി കാറില്‍ ഗുണനിലവാരമില്ലാത്ത തക്കാളി സോസ് വിതരണം ചെയ്തതിന് നിര്‍മ്മാണക്കമ്പനിക്കും കേറ്ററിങ് നടത്തുന്നവര്‍ക്കുമായി മൂന്ന് ലക്ഷം രൂപ പിഴ. സബ് കളക്ടര്‍ ജെറോമിക് ജോര്‍ജാണ് ഉത്തരവിട്ടത്. നിറംചേര്‍ക്കാനായി സോസില്‍ കാര്‍മോസിന്‍ എന്ന പദാര്‍ഥം ഉപയോഗിച്ചുവെന്ന് പരിശോധനയില്‍ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഭക്ഷ്യസുരക്ഷാവിഭാഗം കണ്ടെത്തിയിരുന്നു.

കേറ്ററിങ് ലൈസന്‍സിയായ സെക്കന്തരാബാദ് സ്വദേശി പി ശിവപ്രസാദിന് രണ്ടുലക്ഷം രൂപയും തക്കാളി സോസ് കമ്പനിയായ ബഗ്ഗി ബിഹാരി ഫുഡ്‌സ് കമ്പനിക്കും മാനേജിങ് ഡയറക്ടര്‍ക്കുമായി ഒരുലക്ഷം രൂപയുമാണ് പിഴ വിധിച്ചത്.  

2017 സെപ്റ്റംബറിലാണ് തിരുവനന്തപുരം കോര്‍ബ എക്‌സ്പ്രസില്‍നിന്ന് ഭക്ഷണത്തിനൊപ്പം ഉപയോഗിക്കുന്ന തക്കാളി സോസ് ഭക്ഷ്യസുരക്ഷാവിഭാഗം പിടിച്ചെടുക്കുന്നത്. പരിശോധനയില്‍ തക്കാളി സോസില്‍ കളര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് ഗുണനിലവാരമില്ലാത്തതാണെന്നും കണ്ടെത്തി. 

കോയമ്പത്തൂരിനും ഷൊര്‍ണൂരിനുമിടയിലുള്ള യാത്രക്കിടയാണ് ഇവ പിടികൂടുന്നത്. തുടര്‍ന്നാണ് ഈ പ്രദേശത്തെ ഭക്ഷ്യസുരക്ഷാ അഡ്ജൂഡിക്കേഷന്‍ കോടതിയുടെ പരിഗണനയ്ക്ക് കേസ് വന്നത്. തക്കാളി സോസ് ഗുണനിലവാരമില്ലാത്തതാണെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് പിഴ ചുമത്താന്‍ തുറന്ന കോടതിയില്‍ ഉത്തരവിടുകയായിരുന്നു. 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന തീവണ്ടികളിലെ പാന്‍ട്രികാറുകളില്‍ തക്കാളിസോസ് വിതരണംചെയ്യുന്ന കമ്പനിയാണിതെന്ന് അധികൃതര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com