നെയ്യാറ്റിന്‍കര സബ്  ജയിലിലേക്ക് അയക്കരുത് ; കീഴടങ്ങാന്‍ നിബന്ധനയുമായി ഡിവൈഎസ്പി 

യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയിട്ട് ആറുദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാതെ പൊലീസ്
നെയ്യാറ്റിന്‍കര സബ്  ജയിലിലേക്ക് അയക്കരുത് ; കീഴടങ്ങാന്‍ നിബന്ധനയുമായി ഡിവൈഎസ്പി 

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയിട്ട് ആറുദിവസമായിട്ടും പ്രതിയായ ഡിവൈഎസ്പിയെ പിടികൂടാതെ പൊലീസ്. കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും ഡിവൈഎസ്പി ഹരികുമാര്‍ ഒളിവിലുള്ളത് എവിടെയെന്ന് പോലും പൊലീസിന് കണ്ടെത്താനായിട്ടില്ല. സര്‍വീസ് റിവോള്‍വറും ഔദ്യോഗിക മൊബൈല്‍ ഫോണും ഉള്‍പ്പെടെ ഡിവൈഎസ്പി ഒളിവില്‍ പോയിട്ടും പ്രതിയെ സഹായിക്കുന്ന നിലപാടാണ് പൊലീസ് കൈക്കൊള്ളുന്നതെന്ന് നാട്ടുകാരും കൊല്ലപ്പെട്ട സനലിന്റെ കുടുംബവും ആരോപിക്കുന്നു.

നെയ്യാറ്റിന്‍കരയിലെ രണ്ട് ക്വാറി ഉടമകളുടെയും ഇഷ്ടികക്കളം ഉടമയും തമിഴ്‌നാട്ടിലെ വ്യവസായപ്രമുഖനുമാണ് ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. തമിഴ്‌നാട്ടിലെ അരമനപുരത്ത് ഹരികുമാര്‍ എത്തിയതായി പൊലീസിന് നേരത്തെ രഹസ്യ വിവരം കിട്ടിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഒളിവിലുള്ള ഹരികുമാര്‍ കീഴടങ്ങിയേക്കുമെന്നും വാര്‍ത്തകളുണ്ട്. ഇന്നു വൈകീട്ടോ, നാളെ രാവിലെയോ കീഴടങ്ങിയേക്കുമെന്നാണ് സൂചന. 

കീഴടങ്ങുന്നതിന് ഹരികുമാര്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. കീഴടങ്ങിയാല്‍ നെയ്യാറ്റിന്‍കര സബ്ജയിലിലേക്ക് അയക്കരുതെന്നാണ് ഹരികുമാര്‍ മുന്നോട്ടുവെക്കുന്ന പ്രധാന നിബന്ധന. താന്‍ അറസ്റ്റ് ചെയ്ത പ്രതികള്‍ നെയ്യാറ്റിന്‍കര സബ്ജയിലില്‍ ഉള്ളതിനാല്‍, തന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടെന്നാണ് ഡിവൈഎസ്പി പറയുന്നത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനാണ് കീഴടങ്ങലിനായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇടനില നില്‍ക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരത്തോ, കൊല്ലത്തോ കീഴടങ്ങിയേക്കുമെന്നാണ് സൂചന. 

കേസില്‍ പ്രതിയെ പിടികൂടാനാകാത്തത് പൊലീസ് ഉന്നത നേതൃത്വത്തെയും സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഏതു വിധേനയും ഹരികുമാറിനെ പിടികൂടണമെന്ന് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടതായും സൂചനയുണ്ട്. അതേസമയം കേസന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാക്കണമെന്ന് മരിച്ച സനലിന്റെ ഭാര്യ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമില്ല. പൊലീസുകാര്‍ തന്നെയാണ് ഡിവൈഎസ്പിയെ സഹായിക്കുന്നതെന്നും സനലിന്റെ കുടുംബം ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com