പിടിതരാതെ ഡിവൈഎസ്പി; ഹരികുമാറിനെ പുറത്തുചാടിക്കാന്‍ സമ്മര്‍ദ്ദവുമായി ഉന്നത ഉദ്യോഗസ്ഥര്‍

തമിഴ്‌നാട്ടിലെ അരമന, ചിത്തിരകോട് പ്രദേശത്ത് ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്
പിടിതരാതെ ഡിവൈഎസ്പി; ഹരികുമാറിനെ പുറത്തുചാടിക്കാന്‍ സമ്മര്‍ദ്ദവുമായി ഉന്നത ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം; റോഡിലേക്ക് തള്ളിയിട്ട യുവാവ് വണ്ടിയിടിച്ച് മരിച്ച കേസില്‍ പ്രതിയായ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ബി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. തമിഴ്‌നാട്ടിലെ അരമന, ചിത്തിരകോട് പ്രദേശത്ത് ഹരികുമാര്‍ ഒളിവില്‍ കഴിയുന്നതായി സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ശക്തമായതോടെ ഉടന്‍ കീഴടങ്ങാന്‍ ഹരികുമാറിന് മേല്‍ സമ്മര്‍ദം ശക്തമായിട്ടുണ്ട്. 

നെയ്യാറ്റിന്‍കരയിലുള്ള രണ്ട് ക്വാറി ഉടമകളും തമിഴ്‌നാട്ടില്‍ ഇഷ്ടിക വ്യവസായമുള്ള ഒരു ബിസിനസുകാരനുമാണ് ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ചത്. ഇവരുടെ സഹായത്തോടെ ബാംഗ്ലൂര്‍ വഴി ദുബായിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പാസ്‌പോര്‍ട് കണ്ടുകെട്ടിയത് തിരിച്ചടിയാവുകയായിരുന്നു. 

ഹരികുമാറും ക്വാറി രാഷ്ട്രീയ നേതൃത്വം ബന്ധം നെയ്യാറ്റിന്‍കരയിലെ സജീവ ചര്‍ച്ചയുമാണ്. ഇവരുടെ സഹായത്തോടെ തമിഴ്‌നാട്ടിലുള്ള ഹരികുമാരിനെ കണ്ടെത്താനാണ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടിയത്. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹരികുമാറിനെ ഒളിവില്‍ പോകാന്‍ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് വ്യക്തമായ ധാരണയും രക്ഷപ്പെടാന്‍ സഹായിച്ച വഴികളും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടടക്കമുണ്ടായിട്ടും നടപടിയെടുക്കാന്‍ പൊലീസിനു സാധിച്ചില്ല. 

അറസ്റ്റ് വൈകുന്നത് സേനക്കു തന്നെ നാണക്കേടുണ്ടാക്കുമെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വികാരം കൂടി കണക്കിലെടുത്ത് കീഴടങ്ങണമെന്നു പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ തന്നെ ഹരികുമാറിന്റെ സഹോദരങ്ങളെ അറിയിച്ചിട്ടുണ്ട്. റോഡിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സനല്‍ കുമാറിനെ ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ടത്. വണ്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ സനലിനെ ആശുപത്രിയില്‍ എത്തിക്കാതെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്. പൊലീസിന്റെ അനാസ്ഥയാണ് മരണത്തിന് കാരണമായതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com