രേഖകളില്‍ മന്ത്രിയുടെ തോട്ടക്കാരി, പണി എടുക്കുന്നത് സ്വന്തം വീട്ടില്‍; ജലീലിന്റെ വീട്ടിലെ ജീവനക്കാരി പണിയെടുക്കാതെ വാങ്ങുന്നത് 17000  രൂപ

മന്ത്രി മന്ദിരത്തില്‍ രണ്ട് വര്‍ഷമായി തോട്ടക്കാരിയായി ജോലി നോക്കുന്നത് മലപ്പുറം സ്വദേശിയായ വീട്ടമ്മയാണെന്ന വിവരാവകാശ രേഖ പുറത്ത്
രേഖകളില്‍ മന്ത്രിയുടെ തോട്ടക്കാരി, പണി എടുക്കുന്നത് സ്വന്തം വീട്ടില്‍; ജലീലിന്റെ വീട്ടിലെ ജീവനക്കാരി പണിയെടുക്കാതെ വാങ്ങുന്നത് 17000  രൂപ

തിരുവനന്തപുരം; ബന്ധു നിയമന വിവാദത്തിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ സമ്മര്‍ദ്ദത്തിലാക്കി മറ്റൊരു നിയമനം കൂടി. മന്ത്രി മന്ദിരത്തില്‍ രണ്ട് വര്‍ഷമായി തോട്ടക്കാരിയായി ജോലി നോക്കുന്നത് മലപ്പുറം സ്വദേശിയായ വീട്ടമ്മയാണെന്ന വിവരാവകാശ രേഖ പുറത്ത്. ജോലി ചെയ്യാതെ 17000 രൂപയാണ് ഇവര്‍ ശമ്പളമായി വാങ്ങുന്നുണ്ടെന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

തന്റെ ഔദ്യോഗിക വസതിയില്‍ സഹായിയായി 2 വര്‍ഷമായി അവര്‍ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണം. എന്നാല്‍ വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടില്‍ ഇവര്‍ സ്ഥിരമായി ഉണ്ടാവാറുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികള്‍ പറയുന്നത്. മന്ത്രിയുടെ സുഹൃത്തും കെഎസ്ആര്‍ടിസി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ജനതാദള്‍ നേതാവിന്റെ ഭാര്യയാണു രേഖകളില്‍ മന്ത്രിമന്ദിരത്തില്‍ തോട്ടപ്പണിയെടുക്കുന്നത്.
 
മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തില്‍നിന്ന് അവര്‍ക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല. തിരുവനന്തപുരത്തെ മന്ത്രിയുടെ ഔദ്യോഗിക വസതിയായ 'ഗംഗ'യില്‍ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂര്‍ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖയില്‍ പറയുന്നത്. ഇവര്‍ അടക്കം 3 പേരാണു 'ഗംഗ'യില്‍ പൂന്തോട്ടം പരിചരിക്കാന്‍ മാത്രമുള്ളത്. എന്നാല്‍ ഇവര്‍ അവധിയില്‍ പോയതാണെന്ന് മറ്റ് ജീവനക്കാര്‍ പറയുന്നുണ്ട്. എന്നാല്‍ എന്ന് മുതലാണ് അവര്‍ അവധിയില്‍ പോയത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com