വാഹന പുക പരിശോധനയ്ക്ക് അമിത തുക; സ്ഥാപന ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ അഡാറ് പണി: 767പേര്‍ക്ക് പണം തിരികെ നല്‍കി മാപ്പ് പറയണം

വാഹന പുക പരിശോധനയ്ക്ക് അധികം ചാര്‍ജ് ഈടാക്കി കൊണ്ടിരുന്ന സ്ഥാപനം ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് കൊടുത്തത് ഒന്നൊന്നര പണി!
വാഹന പുക പരിശോധനയ്ക്ക് അമിത തുക; സ്ഥാപന ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ അഡാറ് പണി: 767പേര്‍ക്ക് പണം തിരികെ നല്‍കി മാപ്പ് പറയണം

കൊച്ചി: വാഹന പുക പരിശോധനയ്ക്ക് അധികം ചാര്‍ജ് ഈടാക്കി കൊണ്ടിരുന്ന സ്ഥാപനം ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് കൊടുത്തത് ഒന്നൊന്നര പണി! പുക പരിശോധനയ്ക്ക് എത്തിയ 767പേരുടെ പക്കല്‍ നിന്ന് വാങ്ങിയ അമിത തുക തിരികെ നല്‍കാനും അവരോട് മാപ്പ് പറയാനും മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശം നല്‍കി. 

767പേരെയും ഫോണില്‍ വിളിച്ചാണ് മാപ്പ് പറയേണ്ടത്. അവര്‍ പറയുന്ന മാര്‍ഗത്തിലൂടെ അമിതമായി ഈടാക്കിയ പണം കൊടുക്കണം. 
എറണാകുളം ആര്‍ടിഒ ജോജി പി ജോസിന്റെ നിര്‍ദേശ പ്രകാരം കലൂരുള്ള സ്ഥാപനത്തില്‍ മഫ്ടിയിലെത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസാണ് ഗുരുതരമായ ക്രമക്കേട് കയ്യോടെ പിടികൂടിയത്. 

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോ റിക്ഷയ്ക്കും 60രൂപ, കാര്‍ ഉള്‍പ്പെടെയുള്ള ഇടത്തരം വാഹനങ്ങള്‍ക്ക് 75രൂപ, ഹെവി വെഹിക്കിളിന് 100രൂപ എന്നിങ്ങനെയാണ് പുക പരിശോധനയ്ക്കായി സര്‍ക്കാര്‍ നിശ്ചയിച്ച കണക്ക്. എന്നാല്‍ സ്ഥാപന ഉടമ യഥാക്രമം 100,150,200രൂപ  വീതമാണ് വാങ്ങിക്കൊണ്ടിരുന്നത്. 

അമിതമായി വാങ്ങിയ തുകയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ഒരു പ്രത്യേക രജിസ്റ്ററിലായി എഴുതി സൂക്ഷിച്ചിരുന്നു. ഇത് ഇന്‍സ്‌പെക്ടര്‍ കണ്ടെത്തി. അമിതമായി വാങ്ങിയ തുക തിരികെ നല്‍കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ സ്ഥാപന ഉടമയ്ക്ക് വകുപ്പ് നിര്‍ദേശം നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com