സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്: പണയമുതല്‍ തിരിച്ചെടുക്കുമ്പോള്‍ തൂക്കം കുറയുന്നു

ലീഗല്‍ മെട്രോളജി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയത്. 
സ്വര്‍ണ്ണപ്പണയ സ്ഥാപനങ്ങളില്‍ ഞെട്ടിക്കുന്ന തട്ടിപ്പ്: പണയമുതല്‍ തിരിച്ചെടുക്കുമ്പോള്‍ തൂക്കം കുറയുന്നു

കൊച്ചി: സ്വര്‍ണ്ണം പണയത്തിനെടുക്കുന്ന സ്ഥാപനങ്ങളില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി വിവരം. പണയസ്ഥാപനങ്ങള്‍ ആളുകളുടെ സ്വര്‍ണ്ണം സംശയത്തിന് ഇട പോലും നല്‍കാതെ അനധികൃതമായി വെട്ടിച്ചെടുക്കുകയാണ്. ലീഗല്‍ മെട്രോളജി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് അഞ്ച് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയത്. 

പണയം വയ്ക്കാനെത്തുന്നവര്‍ നല്‍കുന്ന സ്വര്‍ണ്ണം അര ഗ്രാം മുതല്‍ ഒരു ഗ്രാം വരെ കുറച്ചാണ് രേഖപ്പെടുത്തുന്നത്. തൂക്കിയ ശേഷം രേഖപ്പെടുത്തുന്ന ഈ കണക്ക് ഒപ്പു വയ്ക്കുന്ന ആവശ്യക്കാരന്‍ ശ്രദ്ധിക്കാറില്ല. പണയം തിരിച്ചെടുക്കാനെത്തുമ്പോള്‍ മുഴുവന്‍ സ്വര്‍ണ്ണവുമുണ്ടെന്ന് ബോധ്യപ്പെടുത്തി നല്‍കണമെന്നാണ് ചട്ടം. 

ആപ്പോള്‍ അലങ്കാരപ്പണികളുള്ള സ്വര്‍ണ്ണത്തിന്റെ ഏതെങ്കിലും ഒരു ഭാഗം അടര്‍ത്തി മാറ്റി തൂക്കം ഒപ്പിച്ച് നല്‍കുന്നു. മടക്കി നല്‍കുമ്പോള്‍ ഫയലില്‍ കാണുന്ന തൂക്കവും ഉണ്ടാകും. സ്ഥാപനങ്ങളിലെ ലോക്കറിലെ ഏതാനും പായ്ക്കറ്റുകളിലെ സ്വര്‍ണ്ണം തൂക്കി ഇതിന്റെ ഫയലുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളതുമായി ഒത്തുനോക്കിയപ്പോഴാണ് ഇത്രയും വലിയ വെട്ടിപ്പ് ബോധ്യപ്പെട്ടത്. 

ലീഗല്‍ മെട്രോളജി സ്‌ക്വാഡിലെ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ അനൂപ് സി ഉമേഷ്, സേവ്യര്‍ പി ഇഗ്നേഷ്യസ്, കെസി ചാന്ദ്‌നി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com