സനല്‍ വധം :  ഐജി ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും ; ഡിജിപി ഉത്തരവിറക്കി

സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പൊലീസ് നടപടി
സനല്‍ വധം :  ഐജി ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും ; ഡിജിപി ഉത്തരവിറക്കി

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ വാക്കുതര്‍ക്കത്തിനൊടുവില്‍ ഡിവൈഎസ്പി വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഇതു സംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവ് ഇറക്കി. സനലിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് പൊലീസ് നടപടി. 

കേസിന്റെ പൂര്‍ണ അന്വേഷണ ചുമതല ഐജി ശ്രീജിത്തിനായിരുക്കും. അദ്ദേഹം ഇന്നുതന്നെ കേസന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപിയും അറിയിച്ചു. സനലിന്റെ കൊലപാതകം ഐപിഎസ് ലഭിച്ച, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ നേരിട്ട് അന്വേഷിക്കണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും സനലിന്റെ കുടുംബം ആരോപിച്ചിരുന്നു. കൊലപാതകം അപകട മരണമാക്കി മാറ്റാന്‍ പൊലീസ് ശ്രമിക്കുന്നതായി സനലിന്റെ ഭാര്യ വിജിയും ആരോപിച്ചിരുന്നു. 

ഡിവൈഎസ്പി ഹരികുമാറിനെ പൊലീസ് തന്നെ സംരക്ഷിക്കുകയാണ്. കേസ് അന്വേഷണത്തിന് കോടതി മേല്‍നോട്ടം വേണം. അല്ലെങ്കില്‍ സിബിഐ കേസ് അന്വേഷിക്കണമെന്നുമാണ് വിജി ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് വിജിയും കുടുംബവും. അതിനിടെ കേസില്‍ ആദ്യ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ഡിവൈഎസ്പി എത്തിയ തൃപ്പരപ്പിലെ ലോഡ്ജ് മാനേജരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഡിവൈഎസ്പിക്ക് രണ്ട് സിംകാര്‍ഡ് എടുത്ത് നല്‍കിയതും, രക്ഷപ്പെടാന്‍ സഹായിച്ചതും സതീഷാണ്. സതീഷിന്റ ഡ്രൈവര്‍ രമേശാണ് ഡിവൈഎസ്പി ഹരികുമാറിനെയും സുഹൃത്ത് ബിനുവിനെയും തൃപ്പരപ്പില്‍ നിന്നും മാറ്റിയതെന്നും സതീഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. രമേശും ഇപ്പോള്‍ ഒളിവിലാണ്. പ്രതികളെ കണ്ടെതത്ാന്‍ ഊര്‍ജ്ജിത അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com