അഹിന്ദുക്കളെ വിലക്കരുത്, ഇസ്ലാം-ക്രിസ്ത്യന്‍ മതവിശ്വാസികളും ശബരിമലയില്‍ എത്തുന്നു; ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് പല വാദങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

ശബരിമലയില്‍ നട അടയ്ക്കുന്നത് ക്രിസ്ത്യാനിയായ യേശുദാസ് ആലപിച്ച ഹരിവരാസനം കേള്‍പ്പിച്ചുകൊണ്ടാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. യേശുദാസ് തന്നെ ശബരിമലയില്‍ ദര്‍ശനം നടത്താറുണ്ട്
അഹിന്ദുക്കളെ വിലക്കരുത്, ഇസ്ലാം-ക്രിസ്ത്യന്‍ മതവിശ്വാസികളും ശബരിമലയില്‍ എത്തുന്നു; ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് പല വാദങ്ങളെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇസ്ലാം, ക്രിസ്ത്യന്‍ മതവിശ്വാസികളും ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹന്‍ദാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അഹിന്ദുക്കളെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മറ്റു മതങ്ങളുടെ കൂടി അഭിപ്രായം ആരായണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇസ്ലാം,  ക്രിസ്ത്യന്‍ മതങ്ങളില്‍ വിശ്വാസിക്കുന്നവര്‍ ശബരിമല ദര്‍ശനത്തിന് എത്താറുണ്ട്. വാവര് പള്ളിയില്‍ പ്രാര്‍ഥിക്കുന്നത് ശബരിമല തീര്‍ഥാടനത്തിന്റെ ഭാഗമാണ്. അതുകൊണ്ട് ഈ വിഭാഗങ്ങളുടെ കൂടി അഭിപ്രായം ആരായണം. പൊതുതാത്പര്യമുള്ള വിഷയമായതിനാല്‍ പൊതുജനങ്ങളില്‍നിന്നും പ്രതികരണം തേടണം. ഇതിന് പത്രപരസ്യം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ശബരിമലയില്‍ നട അടയ്ക്കുന്നത് ക്രിസ്ത്യാനിയായ യേശുദാസ് ആലപിച്ച ഹരിവരാസനം കേള്‍പ്പിച്ചുകൊണ്ടാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. യേശുദാസ് തന്നെ ശബരിമലയില്‍ ദര്‍ശനം നടത്താറുണ്ട്. 

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് പല വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ശബരിമലയിലേത് ബുദ്ധക്ഷേത്രമാണെന്നു വാദിക്കുന്നവരുണ്ട്. മലയരയന്മാരും ക്ഷേത്രത്തില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു. 

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കിയ വിധിയുടെ പശ്ചാത്തലത്തില്‍ പൊലീസ് അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിട്ടുള്ളത്. ഹിന്ദു ആരാധാനാലയമായ ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ഇതു പരിഗണിച്ച കോടതി, ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com