കെ.ടി ജലീല്‍ പറയുന്നത് എല്ലാം കളവ്;  അകത്തുകയറിയ ബന്ധു പുറത്തുപോകുന്നത് 56000രൂപയുമായി: പി.കെ ഫിറോസ്

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ പറയുന്നതെല്ലാം കളവാണെന്ന് വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്
കെ.ടി ജലീല്‍ പറയുന്നത് എല്ലാം കളവ്;  അകത്തുകയറിയ ബന്ധു പുറത്തുപോകുന്നത് 56000രൂപയുമായി: പി.കെ ഫിറോസ്

കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ പറയുന്നതെല്ലാം കളവാണെന്ന് വ്യക്തമായെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. അദീപിന്റെ മുന്‍ സ്ഥാപനം സൗത്ത് ഇന്ത്യന്‍ ബാങ്ക് സ്റ്റാറ്റിയുട്ടറി ബോഡിയല്ല. ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ സ്റ്റാറ്റിയുട്ടറി ബോഡിയല്ലെന്ന് സുപ്രീംകോടതി വിധിയുണ്ട്. അദീബിന്റെ രാജിയോടെ മന്ത്രി പറയുന്നത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞുവെന്ന് ഫിറോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മന്ത്രി അന്നുമുതല്‍ ആവര്‍ത്തിച്ചത് ഇതൊരു ഷെഡ്യൂള്‍ഡ് ബാങ്ക് ആണ് എന്നാണ്. അതുകൊണ്ടുതന്നെ ഇത് സ്റ്റാറ്റിയൂട്ടറി ബോഡിയാണ്, മന്ത്രിക്ക് വിവേചനാധികാരം ഉണ്ടെന്നും ആ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ബന്ധുവിനെ സ്വകാര്യ ബാങ്കില്‍ നിന്ന് ഈ സ്ഥാനത്തേക്ക് നിയമിച്ചത് എന്നാണ്. മന്ത്രിയുടെ ആ വാദവും പൂര്‍ണമായി തെറ്റാണ്. 

മന്ത്രി ആദ്യത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് അദീബ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എന്‍ഒസി ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കിയത്. പ്രസ്തുത അപേക്ഷ എംഡി 11-9-2018ന് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്തുവെന്നാണ്. അദീപ് അപേക്ഷ കൊടുക്കുന്നത് 1-9-18നാണ്. എന്‍ഒസി സമര്‍പ്പിക്കുന്നത് 26-9-18നാണ്. എന്‍ഒസി ഉല്‍പ്പെടെ കോര്‍പറേഷന് സമര്‍പ്പിച്ച അപേക്ഷ 11ന് കോര്‍പറേഷന്‍ സര്‍ക്കാരിലേക്ക് അയച്ചുവെന്നാണ് മന്ത്രി പറയുന്നത്. സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കിയതിന് ശേഷമാണ് അദീപ് എന്‍ഒസി പോലും സമര്‍പ്പിച്ചത്. 

അദീപ് അലവന്‍സ് വാങ്ങുമോയെന്ന് പോലും മന്ത്രിക്ക് ഉറപ്പില്ല, അതുകൊണ്ടാണ് അലവന്‍സ് വേണ്ടെന്ന് എഴുതിവാങ്ങിയത്. ഇത്രയും വിശ്വാസമില്ലാത്ത ബന്ധുവിനെയാണോ 600കോടിയുടെ വരുമാനമുള്ള ന്യൂനപക്ഷ ധനകാര്യ വികസന
കോര്‍പറേഷന്റെ ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് നിയമിച്ചതെന്നും അദ്ദേഹം ചോദിച്ചു. 

അദീപിന് ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് സ്ഥാനം ലഭിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചതുകൊണ്ട് ഇന്റര്‍വ്യുവില്‍ പങ്കെടുത്ത മോഹനനെ അതേ കോര്‍പ്പറേഷനിലെ റീജണല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജറായി തിരുവനന്തപുത്ത് മന്ത്രി നിയമമിച്ചുവെന്നും ഫിറോസ് ആരോപിച്ചു. 

അദീപിനെ രാജിവയ്പ്പിച്ച് തല്‍ക്കാലം രക്ഷപ്പെടാമെന്നാണ് മന്ത്രി കരുതുന്നത്. അകത്തുകയറിയ ബന്ധു പപുറത്തുപോകുമ്പോള്‍ 56000രൂപയുടെ ശമ്പളം പറ്റിയിട്ടുണ്ട്. ആത്മാഭിമാനുണ്ടെങ്കില്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com