തോമസ് ചാണ്ടിക്ക് തിരിച്ചടി; അനുപമയുടെ റിപ്പോര്‍ട്ടിനെതിരായ അപ്പീല്‍ തള്ളി; ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുമാറ്റണം 

തോമസ് ചാണ്ടിക്ക് തിരിച്ചടി - അനുപമയുടെ റിപ്പോര്‍ട്ടിനെതിരായ അപ്പീല്‍ തള്ളി - ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുമാറ്റണം 
തോമസ് ചാണ്ടിക്ക് തിരിച്ചടി; അനുപമയുടെ റിപ്പോര്‍ട്ടിനെതിരായ അപ്പീല്‍ തള്ളി; ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുമാറ്റണം 


തിരുവനന്തപുരം: ആലപ്പുഴയിലെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ട് പൊളിച്ചുമാറ്റണമെന്ന, മുന്‍ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടിനെതിരെ മുന്‍മന്ത്രിയും എംഎല്‍എയുമായ തോമസ് ചാണ്ടി നല്‍കിയ അപ്പീല്‍ കൃഷി വകുപ്പ് തള്ളി. നെല്‍വയല്‍ മണ്ണിട്ട് നികത്തി നിര്‍മ്മിച്ച പാര്‍ക്കിംഗ് ഗ്രൗണ്ട് പൊലീസ് സംരക്ഷണത്തില്‍ പൊളിച്ചുനീക്കണമെന്നും കാര്‍ഷിക ഉത്പാദന കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.

2012 വരെ ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് കരയിലൂടെ വഴിയില്ലായിരുന്നു. 2013ല്‍ തോമസ് ചാണ്ടിയുടെ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി നെല്‍വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡ് ഉണ്ടാക്കുകയായിരുന്നു. ഈ വയല്‍ നികത്തുന്നതിന് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയിരുന്നില്ലെന്നും പൊളിച്ചുമാറ്റണമെന്നുമായിരുന്നു അനുപമയുടെ റിപ്പോര്‍ട്ട്.  

പാര്‍ക്കിംഗ് ഗ്രൗണ്ടാക്കിയ ഭൂമി മറ്റൊരാളുടെ അധീനതയിലുള്ള ഭൂമിയാണെന്നാണ് വാട്ടര്‍വേള്‍ഡ് കമ്പനി വ്യക്തമാക്കിയിരുന്നത്. ഇത് പാട്ടത്തിനെടുത്താണ് പാര്‍ക്കിംഗ് ഏരിയയാക്കിയതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ലീലാമ്മ ഈശോ എന്ന സ്ഥലമുടമ തോമസ് ചാണ്ടിയുടെ സഹോദരിയാണെന്നും, അവര്‍ക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പാര്‍ക്കിംഗ് ഗ്രൗണ്ട് നിര്‍മ്മാണത്തിന് 2014 ല്‍ സര്‍ക്കാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. അന്ന് മെമ്മോ വാട്ടര്‍വേള്‍ഡ് കൈപ്പറ്റിയിരുന്നെങ്കിലും വിശദീകരണം നല്‍കിയിരുന്നില്ല. ഇപ്പോള്‍ ഇത് വിവാദമായപ്പോഴാണ് ആ സ്ഥലം സ്വകാര്യവ്യക്തിയുടേതാണെന്ന് വാട്ടര്‍വേള്‍ഡ് കമ്പനി പറയുന്നതെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റോഡിന് അംഗീകാരം നല്‍കണമോ വേണ്ടയോ എന്ന കാര്യം സര്‍ക്കാരിന് തീരുമാനിക്കാമെന്നുമായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം.

ഇതിനെ ചോദ്യം ചെയ്താണ് തോമസ് ചാണ്ടി അപ്പീല്‍ നല്‍കിയത്. വീണ്ടും തെളിവെടുപ്പ് നടത്തണമെന്നും നികത്തിയ സ്ഥലം സാധുകരിച്ച് നല്‍കണമെന്നുമായിരുന്നു അപ്പീലിലെ ആവശ്യം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com