വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കൂര്‍ക്ക പായ്ക്കറ്റില്‍ നിന്ന് വളവളപ്പന്‍ പുറത്തുചാടി; യാത്രികന് പണിയായി

നാട്ടിന്‍ പുറത്തെ കൃഷിയിടത്തില്‍ നിന്ന് നേരിട്ട് വാങ്ങിയ കൂര്‍ക്കയിലാണ് പാമ്പ് കടന്നു കൂടിയത്
വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ കൂര്‍ക്ക പായ്ക്കറ്റില്‍ നിന്ന് വളവളപ്പന്‍ പുറത്തുചാടി; യാത്രികന് പണിയായി

കൊച്ചി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ വിമാനയാത്രികന്റെ ബാഗില്‍ നിന്ന് ഉഗ്രവിഷമുള്ള പാമ്പ് പുറത്തുചാടി. ഇതിനെ തുടര്‍ന്ന് പാലക്കാട് സ്വദേശി സുനില്‍ കാട്ടാക്കളത്തിന്റെ (40) യാത്ര മുടങ്ങി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ അബുദാബി പോകാന്‍ എത്തിയതായിരുന്നു സുനില്‍. 

നാട്ടില്‍ നിന്ന് വാങ്ങിയ കൂര്‍ക്ക പായ്ക്കറ്റിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പാണ് സുനിലിന് പണിയായത്. അവധിക്ക് നാട്ടില്‍ എത്തി മടങ്ങുകയായിരുന്നു അദ്ദേഹം. നാട്ടിന്‍ പുറത്തെ കൃഷിയിടത്തില്‍ നിന്ന് നേരിട്ട് വാങ്ങിയ കൂര്‍ക്കയിലാണ് പാമ്പ് കടന്നു കൂടിയത്. രണ്ട് കിലോ കൂര്‍ക്ക പായ്ക്കറ്റിലാക്കിയാണ് സുനിലിന് കൃഷിക്കാരന്‍ നല്‍കിയത്. സുനില്‍ വീട്ടിലെത്തി ഇതു മറ്റൊരു പായ്ക്കറ്റില്‍ കൂടി പൊതിഞ്ഞ് ഹാന്‍ഡ് ബാഗില്‍ വച്ചാണ് യാത്രയ്ക്കായി വിമാനത്താവളത്തിലെത്തിയത്.

എന്നാല്‍ സിഐഎസ്എഫിന്റെ സുരക്ഷാ പരിശോധനകള്‍ക്കിടെ ഹാന്‍ഡ് ബാഗ് പരിശോധിച്ചപ്പോള്‍ ബാഗില്‍ നിന്നു പാമ്പ് പുറത്തേക്കു ചാടുകയായിരുന്നു. ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാമ്പിനെ തല്ലിക്കൊന്നു. ഉഗ്ര വിഷമുള്ള വളവളപ്പന്‍ പാമ്പായിരുന്നു ഇത്. ഇഴജന്തുക്കളെ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിരോധനമുള്ളതിനാല്‍ സിഐഎസ്എഫ് അധികൃതര്‍ ഇയാളുടെ യാത്ര റദ്ദാക്കി, നെടുമ്പാശേരി പൊലീസിനു കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com