ശബരിമലയില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍ ; സര്‍വകക്ഷി യോഗം വിളിച്ചേക്കും

നാളത്തെ സുപ്രിംകോടതി നിലപാടിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക
ശബരിമലയില്‍ സമവായ നീക്കവുമായി സര്‍ക്കാര്‍ ; സര്‍വകക്ഷി യോഗം വിളിച്ചേക്കും

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. നാളത്തെ സുപ്രിംകോടതി നിലപാടിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും യോഗത്തിലേക്ക് വിളിക്കാനാണ് ധാരണയായിട്ടുള്ളത്. എന്നാല്‍ യോഗത്തിലേക്ക് ഏതെങ്കിലും സംഘടനകളെ വിളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

മണ്ഡല കാല തീര്‍ത്ഥാടനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. നേരത്തെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും അത് നടപ്പാക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ കോടതി വിധിക്ക് ശേഷം രണ്ട് തവണ നട തുറന്നപ്പോഴും സംഘര്‍ഷാവസ്ഥയിലാണ് സന്നിധാനവും സംസ്ഥാനവും കടന്നുപോയത്. മണ്ഡല മകരവിളക്ക് പൂജയ്ക്കായി ദീര്‍ഘകാലത്തേക്ക് നട തുറക്കുമ്പോള്‍, സംഘര്‍ഷം ഉണ്ടാകുമെന്ന് പൊലീസ് സൂചിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമവായ സാധ്യത തേടി സര്‍ക്കാര്‍ സര്‍വക്ഷി യോഗം വിളിക്കാന്‍ തയ്യാറായതെന്ന് കരുതപ്പെടുന്നു. 

മണ്ഡല മകര വിളക്ക് പൂജയ്ക്കായി ഈ മാസം 16 നാണ് ശബരിമല നട തുറക്കുന്നത്. ഒരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കില്ലെന്നാണ് ഹൈന്ദവ സംഘടനകളും ബിജെപി ആര്‍എസ്എസ് എന്നിവയും വ്യക്തമാക്കിയിട്ടുള്ളത്. അതിനിടെ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജികള്‍ സുപ്രിംകോടതി നാളെ പരിഗണിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com