'കുത്താനൊരു വടിയുണ്ടെന്ന് കരുതി, കമ്പുകൊണ്ട് ഞങ്ങളെ പൂശിക്കളയാമെന്ന് വിചാരിക്കേണ്ട'; മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി ഷംസീര്‍

പി.കെ. ശശിക്ക് എതിരേയുള്ള പീഡന പരാതിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രവര്‍ത്തന സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്
'കുത്താനൊരു വടിയുണ്ടെന്ന് കരുതി, കമ്പുകൊണ്ട് ഞങ്ങളെ പൂശിക്കളയാമെന്ന് വിചാരിക്കേണ്ട'; മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി ഷംസീര്‍

കോഴിക്കോട്: പി.കെ ശശിക്കെതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് ചോദ്യം ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറി ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റെ എ.എന്‍ ഷംസീര്‍. കുത്താനൊരു വടിയുണ്ടെന്നു കരുതി എന്തും ചോദിക്കരുത് എന്നാണ് രൂക്ഷഭാഷയില്‍ ഷംസീര്‍ പറഞ്ഞത്. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിസായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. 

'ഇന്ററോഗേഷന്‍ വേണ്ട, ഇന്റര്‍വ്യൂ മതി. കുത്താനൊരു വടിയുണ്ടെന്ന് കരുതി എന്തും ചോദിക്കാം ചോദിക്കരുത്. കമ്പുകൊണ്ട് ഞങ്ങളെ പൂശിക്കളയാമെന്ന് വിചാരിക്കണ്ട.' ഷംസീര്‍ പറഞ്ഞു. 

ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഈ വിഷയം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതു പറയാന്‍ താന്‍ പ്രവാചകനല്ലെന്നും ചര്‍ച്ചയാവാം, ചര്‍ച്ചയാകാതിരിക്കാം എന്നുമായിരുന്നു സെക്രട്ടറി സ്വരാജിന്റെ മറുപടി. വനിത നേതാവിന് നീതികിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. 

പി.കെ. ശശിക്ക് എതിരേയുള്ള പീഡന പരാതിയെക്കുറിച്ച് പരാമര്‍ശിക്കാതെയാണ് പ്രവര്‍ത്തന സമിതി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. കൂടാതെ ശബരിമല വിഷയവും, കെടി ജലീലിന് എതിരേയുള്ള ബന്ധു നിയമന വിവാദവുമെല്ലാം ഒഴിവാക്കി. സമകാലിക വിഷയങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. വേണ്ടത്ര ഗൗരവത്തോടെയല്ല റിപ്പോര്‍ട്ട് തയാറാക്കിയത് എന്നാണ് ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com