പുനപ്പരിശോധനാ ഹര്‍ജികള്‍ അല്‍പ്പസമയത്തിനകം; വിധി വൈകിട്ട് സുപ്രിം കോടതി വെബ്‌സൈറ്റില്‍

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 49 പുനഃപരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്
പുനപ്പരിശോധനാ ഹര്‍ജികള്‍ അല്‍പ്പസമയത്തിനകം; വിധി വൈകിട്ട് സുപ്രിം കോടതി വെബ്‌സൈറ്റില്‍

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ അല്‍പ്പസമയത്തിനകം സുപ്രിം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. വൈകിട്ടോടെ സുപ്രിം കോടതി വെബ്‌സൈറ്റില്‍ വിധി അപ്‌ലോഡ് ചെയ്യുമെന്നാണ് കരുതുന്നത്. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 49 പുനഃപരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. സമീപകാലത്ത് ഒരു കേസില്‍ ഇത്രയധികം പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്ന ആദ്യമാണ്. 

കേസില്‍ വിധി പറഞ്ഞ ബെഞ്ച് തന്നെ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നതാണ് സുപ്രിം കോടതിയിലെ കീഴ് വഴക്കം. ശബരിമല കേസില്‍ വിധി പറഞ്ഞ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിമരിച്ചതിനാല്‍ പുതിയ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക എന്നതിനാല്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രവേശനമുണ്ടാവില്ല. എഴുതി നല്‍കിയ വാദങ്ങള്‍ മാത്രമായിരിക്കും പരിഗണിക്കുക.വിധിപ്രസ്താവം വൈകിട്ടോടെ സുപ്രിം കോടതി വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു മുമ്പായി രജിസ്ട്രിയില്‍നിന്നും വിധി സൂചനകള്‍ പുറത്തുവന്നേക്കും.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.

മൂന്നു സാഹചര്യങ്ങളിലാണ് പ്രധാനമായും കോടതി പുനപ്പരിശോധനാ ഹര്‍ജികള്‍ അനുവദിക്കുക. ഒന്ന് വിധിയില്‍ ഗുരുതരമായ പിഴവുണ്ടായിരിക്കുക, രണ്ട് നേരത്തെ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയാതിരുന്ന നിര്‍ണായകമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുക, മൂന്ന് ഗൗരവപ്പെട്ട മറ്റു കാര്യങ്ങള്‍. ഇതില്‍ ആദ്യത്തെ രണ്ടു സാഹചര്യങ്ങള്‍ക്കും ശബരിമല യുവതിപ്രവേശന കേസിലെ ഇതുവരെയുള്ള വസ്തുകള്‍ വച്ച് സാധ്യതയില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മൂന്നാം സാഹചര്യം കോടതിക്കു ബോധ്യപ്പെടുന്ന പക്ഷം ഹര്‍ജി അനുവദിക്കാനുള്ള സാധ്യത അവര്‍ തള്ളിക്കളയുന്നുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com