ശബരിമല: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു; വ്യാഴാഴ്ച രാവിലെ 11 ന്

വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക
ശബരിമല: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു; വ്യാഴാഴ്ച രാവിലെ 11 ന്


തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വകക്ഷി യോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് കയറാമെന്ന വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ഇതിനൊപ്പം തന്നെ കോടതി വ്യക്തമാക്കിയ കാര്യം നേരത്തെയുള്ള വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നാണ്. അതിന് വേറെ അര്‍ത്ഥമൊന്നുമില്ലല്ലോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിം കോടതി തീരുമാനിച്ചു. ജനുവരി 22നാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 50 പുനഃപരിശോധന ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടത്. സമീപകാലത്ത് ഒരു കേസില്‍ ഇത്രയധികം പുനപ്പരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെടുന്നത് ആദ്യമാണ്. കോടതി പരിഗണിക്കുന്നതിനു മുമ്പായി അന്താരാഷ്ട്രാ ഹിന്ദു പരിഷത്ത് ഹര്‍ജിയുമായി എത്തിയതോടെയാണ് പുനപ്പരിശോധനാ ഹര്‍ജികളുടെ എണ്ണം അന്‍പതായത്. അവസാനം വന്ന ഹര്‍ജിയൊഴികെയുള്ള 49 ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com