ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അഭിപ്രായ വ്യത്യാസം; വിധി എതിരായാലും പ്രതിഷേധം തുടരുമെന്ന് കെ.സുധാകരന്‍

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി എതിര്‍ നിലപാട് സ്വീകരിച്ചാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.
ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അഭിപ്രായ വ്യത്യാസം; വിധി എതിരായാലും പ്രതിഷേധം തുടരുമെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിക്കെതിരായ റിവ്യൂ ഹര്‍ജികളില്‍ സുപ്രീംകോടതി എതിര്‍ നിലപാട് സ്വീകരിച്ചാല്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഘടകക്ഷികള്‍ക്കും മുഖ്യമന്ത്രിയുടെ നിലപാടില്‍ അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷ വോട്ടിന് വേണ്ടി മുഖ്യമന്ത്രി ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. മണ്ഡലകാലത്ത് എന്തുംസംഭവിക്കാം. സമരവുമായി മുന്നോട്ടുപോകും. വേണ്ടിവന്നാല്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമല വിധിക്ക് എതിരായ പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സുധാകരന്റെ പ്രസ്താവന വന്നിരിക്കുന്നത്. ശബരിമല യുവതി പ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ 48 പുനഃപരിശോധന ഹര്‍ജികളാണ് സുപ്രിംകോടതി മുന്‍പാകെയുളളത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക.

നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയെ ഉള്‍പ്പെടുത്തി പുനഃഘടിപ്പിച്ച പുതിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. തുറന്ന കോടതിയില്‍ വാദം കേള്‍ക്കില്ല എന്നതാണ് ശ്രദ്ധേയം. ചേംബറിലാണ് ഹര്‍ജികളെല്ലാം പരിഗണിക്കുക. ചേംബറില്‍ അഭിഭാഷകര്‍ക്കും ഹര്‍ജിക്കാര്‍ക്കും പ്രവേശനമില്ല. എഴുതി നല്‍കിയ വാദങ്ങള്‍ മാത്രമായിരിക്കും പരിഗണിക്കുക.

പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോള്‍ കോടതിയില്‍തന്നെ പരിഗണിക്കുമെന്നാണു ആദ്യം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഹര്‍ജികള്‍ ചേബറിലാണ് പരി?ഗണിക്കുക എന്ന കാര്യത്തില്‍ ഇന്നലെ വ്യക്തത വന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍എസ്എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.

ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുളള മൂന്ന് റിട്ട് ഹര്‍ജികള്‍ ചീഫ് ജസ്റ്റിസും ജഡ്ജിമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരും അടങ്ങിയ ബെഞ്ച് രാവിലെ പരിഗണിക്കും. ഇത് കോടതിമുറിയില്‍ തന്നെയാണ് നടക്കുക. എന്നാല്‍ അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ വിധി മൂന്നംഗ ബെഞ്ചിനു സ്‌റ്റേ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് റിട്ട് ഹര്‍ജികള്‍ വിശദവാദത്തിനു പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച് തീരുമാനിച്ചാലും പുനഃപരിശോധനാ ഹര്‍ജികളുടെ ഫലത്തെ ആശ്രയിച്ചായിരിക്കും റിട്ട് ഹര്‍ജികളുടെ ഭാവി. ചെന്നൈ സ്വദേശി ജി. വിജയകുമാര്‍, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ എസ്. ജയരാജ് കുമാര്‍, ഷൈലജ വിജയന്‍ എന്നിവരുടെ റിട്ട് ഹര്‍ജികളാണ് പരിഗണിക്കുക. ജയരാജ് കുമാറിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരും മറ്റു രണ്ടിലും സംസ്ഥാന സര്‍ക്കാരുമാണ് ഒന്നാം എതിര്‍കക്ഷി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com