വിഷസര്‍പ്പങ്ങളെയെല്ലാം വിളിച്ചുവരുത്തി സര്‍ക്കാര്‍ വിഷമിറക്കണം; ബിഡിജെഎസ് കോടതി വിധി മാനിക്കണമെന്ന് വെളളാപ്പളളി
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th November 2018 01:01 PM |
Last Updated: 14th November 2018 01:01 PM | A+A A- |

തിരുവനന്തപുരം: കോടതി വിധി മാനിച്ച് ബിഡിജെഎസ് അടക്കമുളള എല്ലാവരും പ്രതിഷേധ സമരങ്ങളില്‍ നിന്ന് പിന്മാറണമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. ബിജെപിക്കാര്‍ക്ക് അല്‍പ്പമെങ്കിലും ബുദ്ധിയുണ്ടെങ്കില്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കണം. സര്‍വകക്ഷിയോഗത്തില്‍ എസ്എന്‍ഡിപിയെ വിളിക്കാത്തതില്‍ പരിഭവമില്ല. വിഷസര്‍പ്പങ്ങളെയെല്ലാം വിളിച്ചുവരുത്തി സര്‍ക്കാര്‍ വിഷമിറക്കണമെന്നും വെളളാപ്പളളി പറഞ്ഞു.
ശബരിമല വിഷയം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിളളയ്ക്ക് വീണുകിട്ടിയ അവസരമാണെന്നും അദ്ദേഹം നന്നായി ഗോളടിക്കുന്നുണ്ടെന്നും വെളളാപ്പളളി നടേശന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ശ്രീധരന്‍പിളള മാന്യനാണ്. ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനും നയിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടങ്ങളെയെല്ലാം തന്നെ കണ്ടുകൊണ്ട് ശബരിമലയെ യുദ്ധഭൂമിയാക്കാന്‍ ശ്രമിക്കരുതെന്ന് വെളളാപ്പളളി നടേശന്‍ ഓര്‍മ്മിപ്പിച്ചു.
പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാ കോലാഹലങ്ങളും അവസാനിപ്പിച്ചുകൊണ്ട് സുപ്രിംകോടതിയുടെ തീരുമാനത്തിന് കാത്തിരിക്കാനുളള ക്ഷമ ഭക്തരും പാര്‍ട്ടി പ്രവര്‍ത്തകരും കാണിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.