കെടി ജലീലിന് കുരുക്ക് ; ബന്ധു നിയമനത്തിനായി നേരിട്ട് ഇടപെട്ടു; വകുപ്പ് സെക്രട്ടറിയെ മറികടന്ന് കുറിപ്പ് നല്‍കി; തെളിവുകളുമായി ഫിറോസ്

യോഗ്യതയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യതയില്‍ മന്ത്രി ഇടപെട്ട് മാറ്റം വരുത്തിയതായി ഫിറോസ് ആരോപിച്ചു
കെടി ജലീലിന് കുരുക്ക് ; ബന്ധു നിയമനത്തിനായി നേരിട്ട് ഇടപെട്ടു; വകുപ്പ് സെക്രട്ടറിയെ മറികടന്ന് കുറിപ്പ് നല്‍കി; തെളിവുകളുമായി ഫിറോസ്

കോഴിക്കോട് : ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനിലെ ബന്ധു നിയമനത്തില്‍ മന്ത്രി കെ ടി ജലീലിനെതിരെ കടുത്ത ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത്. നിയമനത്തിനായി മന്ത്രി ജലീല്‍ നേരിട്ട് ഇടപെട്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വ്യക്തമാക്കി. കോര്‍പ്പറേഷനിലെ ജനറല്‍ മാനേജറായി ബന്ധു കെടി അദീബിനെ നിയമിക്കാന്‍ മന്ത്രി നേരിട്ട് ഇടപെട്ടു. 

യോഗ്യതയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യതയില്‍ മന്ത്രി ഇടപെട്ട് മാറ്റം വരുത്തിയതായി ഫിറോസ് ആരോപിച്ചു. എംബിഎയാണ് ജനറല്‍ മാനേജര്‍ പദവിയിലേക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദീബിന് എംബിഎ യോഗ്യതയില്ല. ഇതേത്തുടര്‍ന്ന് എംബിഎ ഓര്‍ ബിടെക് വിത്ത് പിജിഡിബിഎ എന്ന തരത്തില്‍ യോഗ്യതയില്‍ മാറ്റം വരുത്തുകയായിരുന്നു. മന്ത്രിസഭായോഗം നിശചയിച്ച യോഗ്യതയാണ് മാറ്റിയത്. 

വകുപ്പ് സെക്രട്ടറി എ ഷാജഹാന്‍ ഐഎഎസിന്റെ എതിര്‍പ്പ് മറുകടന്നായിരുന്നു മന്ത്രിയുടെ ഇടപെടല്‍. യോഗ്യത മാറ്റണമെങ്കില്‍ മന്ത്രിസഭായോഗം അംഗീകരിക്കണമെന്ന് വകുപ്പ് സെക്രട്ടറി വ്യക്തമാക്കി. എന്നാല്‍ സെക്രട്ടറിയുടെ നിര്‍ദേശം മന്ത്രി മറികടക്കുകയായിരുന്നു. ഇതിനായി മന്ത്രി സ്വന്തം ലെറ്റര്‍ പാഡില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി യോഗ്യതയില്‍ മാറ്റം വരുത്തിക്കുകയായിരുന്നു. 

അദീബിന്റെ നിയമന ക്രമക്കേട് മുഖ്യമന്ത്രിയും അറിഞ്ഞുകൊണ്ടാണോയെന്നും ഫിറോസ് ചോദിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. ഇപി ജയരാജനെ പേടിക്കാത്ത മുഖ്യമന്ത്രി എന്തുകൊണ്ടാണ് കെ ടി ജലീലിനെ പേടിക്കുന്നതെന്നും പി കെ ഫിറോസ് ചോദിച്ചു. നിയമനം വിവാദമായതിനെ തുടര്‍ന്ന് കെ ടി അദീബ് രാജിവെച്ചിരുന്നു. അതിനിടെ മന്ത്രി ജലീലിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com