തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച് ; മലയാളികളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളൂവെന്ന് രാഹുല്‍ ഈശ്വര്‍

ഡല്‍ഹിയിലുള്ള തൃപ്തി ശബരിമലയില്‍ വരുന്നത് ഭക്തി കൊണ്ടല്ല. അയ്യപ്പനെ കളിയാക്കാനാണ്
തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ച് ; മലയാളികളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളൂവെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം : തൃപ്തി ദേശായിയെ ശബരിമല കയറാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ തൃപ്തിയെ തടയുമെന്ന് പറയുന്നില്ല. പക്ഷെ  വഴി നീളെ വിശ്വാസികള്‍ നിരന്ന് കിടന്ന് പ്രതിഷേധിക്കും. ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയേ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകൂ. തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ചാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

തൃപ്തി ദേശായി മലകയറുന്നത് പ്രതിരോധിക്കാന്‍ വിശ്വാസികളെയും അമ്മമാരെയും അണിനിരത്തും. മലയാളികളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളൂ. മലയാളികളും തമിഴന്മാരും തെലുങ്കരുമായ വിശ്വാസികളെക്കുറിച്ച് തൃപ്തിക്ക് അറിയില്ല. അവരുടെ വിശ്വാസത്തിന്റെ ശക്തി തൃപ്തി കാണാനിരിക്കുന്നതേയുള്ളൂ. 

ഡല്‍ഹിയിലുള്ള തൃപ്തി ശബരിമലയില്‍ വരുന്നത് ഭക്തി കൊണ്ടല്ല. അയ്യപ്പനെ അറിയാത്തതുകൊണ്ട് വരുന്നതാണ്. അയ്യപ്പനെ കളിയാക്കാനാണ് അവരുടെ വരവ്. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ വരുമെന്ന് പറഞ്ഞത് തന്നെ ഭക്തി കൊണ്ടല്ലെന്ന് വ്യക്തമാകുന്നു. തൃപ്തി ദേശായിയുടെ വരവിന് മുന്നോടിയായി താന്‍ ശബരിമലയിലേക്ക് പോകും. ഇരുമുടിക്കെട്ടുമായി പോകുന്ന തങ്ങളെ പൊലീസിന് നിയമപരമായി തടയാനാവില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. 

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകീട്ടാണ് നട തുറക്കുന്നത്. ശനിയാഴ്ച ശബരിമല കയറാന്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്. തൃപ്തിക്കൊപ്പം ഭൂമാതാ ബ്രിഗേഡിലെ ആറ് സ്ത്രീകള്‍ കൂടെയുണ്ടാകും. തങ്ങള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, മഹാരാഷ്ട്ര സര്‍ക്കാര്‍ തുടങ്ങിയവര്‍ക്ക് കത്തയക്കുകയും ചെയ്തിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com