പുതുവൈപ്പ് എല്‍പിജി പ്ലാന്റ്: ജനുവരിയില്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് ഐഒസി, പ്ലാന്റിനെതിരെയുള്ള സമരം തുടരുന്നു

ശബരിമല സീസണു ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച.
പുതുവൈപ്പ് എല്‍പിജി പ്ലാന്റ്: ജനുവരിയില്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് ഐഒസി, പ്ലാന്റിനെതിരെയുള്ള സമരം തുടരുന്നു

പുതുവൈപ്പ്: പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സമരത്തെ തുടര്‍ന്നാണ് പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങിയത്. ഇതിന്റെ നിര്‍മാണം വരുന്ന ജനുവരിയില്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍. സര്‍ക്കാരില്‍ നിന്നും ഇതു സംബന്ധിച്ച ഉറപ്പു ലഭിച്ചതായി ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എസ് ധനപാണ്ഡ്യന്‍ അറിയിച്ചു.

നിര്‍മാണം തുടരുന്നതിനുള്ള എല്ലാ ക്ലിയറന്‍സും ലഭിച്ചിട്ടുണ്ടെന്നും നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേര്‍ശം നല്‍കിയിട്ടുണ്ടെന്നും ധനപാണ്ഡ്യന്‍ പറഞ്ഞു. ശബരിമല സീസണു ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അതുകഴിഞ്ഞാലുടന്‍ പുതുവൈപ്പിനില്‍ നിര്‍മാണമാരംഭിക്കുമെന്നാണ് പ്ലാന്റ് അധികൃതര്‍ പറയുന്നത്. 

'പുതുവൈപ്പിനില്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതിന് മുന്നോടിയായി കേരള സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങളില്‍ നിലവില്‍ അംഗീയവയെല്ലാം നടപ്പിലാക്കും. പരിസരവാസികള്‍ ആവശ്യപ്പെടുന്ന എന്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനും ഐഒസി തയ്യാറാണ്'- ധനപാണ്ഡ്യന്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാകാന്‍ ഇനിയും 18 മാസങ്ങള്‍ കൂടി വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതുവൈപ്പിന്‍ എല്‍പിജി പ്ലാന്റിനെതിരെ നാട്ടുകാര്‍ ദീര്‍ഘനാളായി സമരത്തിലാണ്. എല്‍പിജി ടെര്‍മിനലിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര സമിതി നല്‍കിയ ഹര്‍ജി ഹരിത ട്രിബ്യൂണല്‍ തള്ളിയിരുന്നു. എന്നാല്‍, പ്ലാന്റ് അനുവദിക്കാനാവില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com