പ്രതിയായും പിന്നെ ഇരയായും പൊലീസ്

ഹരികുമാറിനു സുരക്ഷിതമായി കീഴടങ്ങാന്‍ പൊലീസ് വേണ്ടതൊക്കെ ചെയ്യുന്നതിനിടെയായിരുന്നു ഇതെല്ലാം
പ്രതിയായും പിന്നെ ഇരയായും പൊലീസ്

യാദൃച്ഛികമായി ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെട്ടതും അതിന്റെ തുടര്‍ച്ചയായി പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തതും ചെറിയ പാഠങ്ങളിലേയ്ക്കല്ല വഴി തുറക്കുന്നത്. പൊലീസ് അതിക്രമങ്ങളുടെ പേരുദോഷത്തില്‍നിന്നു പിണറായി വിജയന്‍ സര്‍ക്കാരൊന്നു തലപൊക്കി വരുന്നതേയുള്ളൂ. സര്‍ക്കാരിനെ തുടര്‍ച്ചയായി കുഴപ്പത്തിലാക്കിയിരുന്ന പൊലീസ് അതു തുടരാന്‍ പേടിച്ചത് കെവിന്‍ എന്ന യുവാവിന്റെ ദുരഭിമാനക്കൊലയ്ക്ക് കൂട്ടുനിന്ന കോട്ടയം ഗാന്ധിനഗര്‍ പൊലീസിലെ ചിലരെ പിരിച്ചുവിടാന്‍ നടപടി തുടങ്ങിയതോടെയാണ്. പണി പോകുമെന്നു മനസ്സിലായപ്പോള്‍ പൊലീസ് ഒന്നു മയപ്പെട്ടു എന്നും പറയാം. പൊലീസിലെ എല്ലാവരും കുഴപ്പക്കാരല്ലാത്തതുകൊണ്ട് ഇത് എല്ലാവര്‍ക്കും ബാധകമായ കാര്യമല്ല; കുഴപ്പക്കാര്‍ അടങ്ങി, അല്ലാത്തവര്‍ മുന്‍പും പിന്നീടും ഉത്തരവാദിത്തത്തോടെ ജോലി ചെയ്തു. പക്ഷേ, കാക്കി കിട്ടിയാല്‍പ്പിന്നെ എന്തും ചെയ്യാം എന്നു തീരുമാനിച്ചുറച്ച പൊലീസിലെ ക്രിമിനലുകള്‍ തീരുമാനം മാറ്റിയിരുന്നില്ല; അവര്‍ നന്നാകില്ല എന്ന ദുര്‍വാശിയില്‍ ഉറച്ചുതന്നെ നിന്നു. അവരിലൊരാളെക്കാണ്ടാണ് നവംബര്‍ അഞ്ച് രാത്രി മുതല്‍ സര്‍ക്കാരും പൊലീസും നാണക്കേടിലും ജനരോഷത്തിലും കുരുങ്ങിക്കിടന്നത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ബി. ഹരികുമാര്‍ ചെയ്ത കൊലയ്ക്ക് ഉത്തരമില്ലാതെ പൊലീസും സര്‍ക്കാരും പതറി. നെയ്യാറ്റിന്‍കരയ്ക്കടുത്ത് കൊടുങ്ങാവിള സ്വദേശി എസ്. സനല്‍ എന്ന യുവാവിന്റെ അമ്മ, ഭാര്യ, രണ്ട് കുഞ്ഞുമക്കള്‍ എന്നിവരുടെ ജീവിതത്തില്‍ ഇരുട്ട് വീണു. ശരിയാണ്, ഇത് പൊലീസ് അതിക്രമത്തിന്റെ പരിധിയില്‍ വരുന്നതല്ല. പൊലീസ് ആസൂത്രിതമായോ അല്ലാതെയോ നടത്തുന്ന നരനായാട്ടിന്റെയോ ലോക്കപ്പ് കൊലകളുടെയോ കൂട്ടത്തില്‍ എണ്ണാവുന്നതുമല്ല. പക്ഷേ, നിസ്സാര തര്‍ക്കത്തിന്റെ പേരില്‍ സനലിനെ പിടിച്ചുതള്ളി മരണത്തിലേയ്ക്കിടാന്‍ ഹരികുമാറിനു ധൈര്യം നല്‍കിയത് താന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് എന്ന ഹുങ്കായിരുന്നു. ഒളിവില്‍ പോവുകയാണെന്നു റൂറല്‍ എസ്.പിയെ ഫോണില്‍ വിളിച്ചുപറയാന്‍ കഴിഞ്ഞത് പൊലീസുകാരന്‍ ആയതുകൊണ്ടാണ്; മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് ഉടന്‍ കൊണ്ടുപോകണം എന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞിട്ടും ആംബുലന്‍സില്‍ സനലുമായി പൊലീസുകാര്‍ സ്റ്റേഷനിലേയ്ക്ക് പോയത് പ്രതി പൊലീസ് ഉദ്യോഗസ്ഥന്‍ ആയതുകൊണ്ടാണ്; കൊലക്കേസ് പ്രതിയെ ഒളിവിടത്തില്‍നിന്നു പുകച്ചു പുറച്ചുചാടിക്കാന്‍ വീട്ടുകാരെ പൊലീസ് 'സമ്മര്‍ദ്ദത്തിലാക്കാതിരുന്നത്' സഹപ്രവര്‍ത്തകന്റ കുടുംബമായതുകൊണ്ടാണ്. ഏറ്റവും കുറഞ്ഞത് ഇത്രയും കാരണങ്ങളാലെങ്കിലും സനലിന്റെ ദാരുണമരണത്തില്‍ പൊലീസിനാണ് ഉത്തരവാദിത്തം. പക്ഷേ, കാര്യം ഇപ്പോള്‍ അവിടന്നൊക്കെ മാറിപ്പോയിരിക്കുന്നു. എട്ടു ദിവസത്തെ ഒളിവുജീവിതത്തിനുശേഷം ഹരികുമാറിനെ കണ്ടെത്തുന്നത് സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ്. അറസ്റ്റോ കീഴടങ്ങലോ ഉണ്ടാകും എന്ന സൂചന ശക്തമായിരുന്ന നവംബര്‍ 13-നു രാവിലെ കേരളം ആ വിവരം അറിഞ്ഞു ശരിക്കും ഞെട്ടി. ഇനി ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നത് സര്‍ക്കാരിനാണ്. ഹരികുമാറിനു രക്ഷപ്പെടാന്‍ നിയമപരമായ പഴുതുകളുണ്ടാക്കുന്നതില്‍നിന്നു പൊലീസിനെ തടഞ്ഞതിന്റെ തുടര്‍ച്ചയാവുകയും വേണം അത്. പൊലീസിലെ കുറ്റവാളികളെ ഒറ്റയടിക്ക് പുറത്താക്കാന്‍ കഴിയില്ലെങ്കില്‍ ഘട്ടംഘട്ടമായെങ്കിലും അത് ചെയ്യുന്നതിനു തുടക്കമിടുക എന്നതാണ് അതിപ്രധാനമായ ആ ഉത്തരവാദിത്തം. എന്തുകൊണ്ടെന്നാല്‍ സനലും ഹരികുമാറും ഒരാഴ്ചത്തെ ഇടവേളയ്ക്കുള്ളില്‍ ഇല്ലാതായതിനും രണ്ടു കുടുംബങ്ങളിലെ നിരവധിപ്പേര്‍ക്ക് അവര്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ മാത്രമായി മാറിയതിനും കാരണം ഒന്നുതന്നെ; കുറ്റവാളിമനസ്സുള്ള പൊലീസുകാരെ അങ്ങനെതന്നെ തുടരാന്‍ നമ്മുടെ പൊലീസ്, ഭരണനേതൃത്വം അനുവദിച്ചു. പൊലീസാണ് എന്ന ഹുങ്ക് ഹരികുമാര്‍ കൊണ്ടുനടന്നു, അതില്‍ നിരപരാധിയായ സനല്‍ ചെന്നു വീണു, നില്‍ക്കക്കള്ളിയില്ലാതെ ഹരികുമാര്‍ ജീവിതം അവസാനിപ്പിച്ചു. 
സംസ്ഥാന പൊലീസില്‍ ക്രിമിനലുകള്‍ ഉണ്ടെന്ന് ഏറ്റവും നന്നായി അറിയാവുന്നത് ഭരണത്തിന്റേയും പൊലീസിന്റേയും തലപ്പത്തുള്ളവര്‍ക്കാണ്. അതാകട്ടെ ഇപ്പോഴത്തെ മുഖ്യമന്ത്രിയോ പൊലീസ് മേധാവിയോ വന്ന ശേഷമുണ്ടായ കാര്യവുമല്ല. പക്ഷേ, നെയ്യാറ്റിന്‍കര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചില നടപടികളിലേയ്ക്ക് കടക്കുകതന്നെ വേണ്ടിവരും. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും ഈ കാര്യത്തില്‍ വിയോജിപ്പ് ഉണ്ടാകില്ല എന്നുറപ്പ്. അത് മുന്‍പ് പുറത്തുവന്നിട്ടുമുണ്ട്. സനലിന്റെ ഭാര്യ വിജിക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുക, ആ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചുമതല സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ കാര്യങ്ങള്‍ക്കൊപ്പംതന്നെ പൊലീസിലെ കുറ്റവാളികളുടെ പട്ടികയില്‍നിന്നൊരു 'എലിമിനേഷന്‍ റൗണ്ട്' തുടങ്ങാനും ഇതാണ് പറ്റിയ സമയം. സനലിന്റെ കുടുംബത്തിനൊപ്പം നിന്ന പ്രതിപക്ഷം അതിനു പിന്തുണ നല്‍കുക കൂടി ചെയ്താല്‍ നാളെ അതേ പിന്തുണ അവര്‍ക്കു തിരിച്ചും കിട്ടിയേക്കും. പ്രശ്‌നാധിഷ്ഠിതമായി സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പിന്തുണ നല്‍കുന്ന കേരള സമൂഹം ജാഗ്രതയോടെ കണ്ണുതുറന്നു നില്‍ക്കുന്നുണ്ട്. 

പൊലീസ് മുറകള്‍

നവംബര്‍ അഞ്ചിന് അര്‍ദ്ധരാത്രിയാണ് സനല്‍ കൊല്ലപ്പെട്ടത്. സുഹൃത്തും സ്വകാര്യ പണമിടപാടു സ്ഥാപനം ഉടമയുമായ കെ. ബിനുവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിവന്ന ഹരികുമാര്‍ കണ്ടത് റോഡരികില്‍ തന്റെ കാറിനു മുന്നില്‍ മറ്റൊരു കാര്‍ കിടക്കുന്നതാണ്. അത് ഇലക്ട്രീഷ്യനും പ്ലംബിങ് ജോലിക്കാരനുമായ സനലിന്റെ കാറായിരുന്നു. അവര്‍ തമ്മില്‍ മുന്‍ പരിചയമില്ല. വേണമെങ്കില്‍ ആ കാര്‍ മാറ്റാതെതന്നെ ഹരികുമാറിനു തന്റെ കാറെടുത്ത് പോകാമായിരുന്നു എന്നു നേരിട്ട് കണ്ടവര്‍ പറയുന്നു. അതിനുപകരം ബഹളമുണ്ടാക്കി. സമീപത്തെ ചായക്കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സനല്‍ ബഹളം കേട്ട് ഓടിവന്നു. ഹരികുമാര്‍ യൂണിഫോമില്‍ ആയിരുന്നില്ല. ആരോ ഒരാളുടെ ആക്രോശത്തോടും തെറിവിളിയോടും സനലും തിരിച്ചു പറഞ്ഞത് സ്വാഭാവികം. പക്ഷേ, കാറെടുത്തു മാറ്റാനും തയ്യാറായി. എന്നിട്ടും അരിശം തീരാതെ ഹരികുമാര്‍ സനലിനെ കഴുത്തിനു പിടിച്ചു റോഡിലേയ്ക്ക് തള്ളുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. ''യാദൃച്ഛികമായി സംഭവിക്കുന്ന കുറ്റകൃത്യം'' എന്ന പട്ടികയിലാണ് ഇതിനെ നിയമവിദഗ്ദ്ധരും കുറ്റാന്വേഷകരും എണ്ണുന്നത്. ''വെവ്വേറെ ലക്ഷ്യങ്ങളുമായി സ്വന്തം വീട്ടില്‍നിന്ന് ഇറങ്ങിയ, പരസ്പരം പരിചയമില്ലാത്ത രണ്ടുപേര്‍ കണ്ടുമുട്ടുന്നു. തികച്ചും യാദൃച്ഛികമായി അവര്‍ ഒരു തര്‍ക്കത്തിലെ കക്ഷികളാകുന്നു. അതിന്റെ അന്ത്യത്തില്‍ ഒരാള്‍ ഇരയും ഒരാള്‍ പ്രതിയുമാകുന്നു. ഇതാണ് യാദൃച്ഛികമായി സംഭവിക്കുന്ന കുറ്റകൃത്യം''. മുന്‍ ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് കുറച്ചുകാലം മുന്‍പ് കുറ്റകൃത്യങ്ങളുടെ മനശ്ശാസ്ത്രത്തെക്കുറിച്ചുള്ള ഒരു സംഭാഷണത്തില്‍ ചൂണ്ടിക്കാട്ടിയതാണ്. കുറ്റം ചെയ്യാന്‍ ആലോചിച്ചോ തീരുമാനിച്ചോ ഇറങ്ങിപ്പുറപ്പെടാത്ത ആള്‍ ആ ദിവസം അവസാനിക്കുമ്പോള്‍ കുറ്റവാളിയായി മാറുന്നു; അതുവരെ പരിചയം പോലുമില്ലാത്ത ഒരാളുടെ ജീവന്‍ തന്നെ അയാള്‍ മൂലം നഷ്ടപ്പെടുന്നു. കേരളത്തിലെ ജയിലുകളില്‍ തടവുകാരായി കഴിയുന്നവരില്‍ 20 ശതമാനമെങ്കിലും നിരപരാധികളാണ് എന്നൊരു വിവാദ പ്രസ്താവന അലക്‌സാണ്ടര്‍ ജേക്കബ് നടത്തിയതിനു തുടര്‍ച്ചയായിരുന്നു ഈ നിരീക്ഷണം. ജയില്‍ ഡി.ജി.പി തന്നെ തടവുകാരെ നിരപരാധികളാക്കുന്നു എന്ന് ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി വന്നു. കോടതിയുടെ നോട്ടീസിനു നല്‍കിയ മറുപടിയില്‍ ജയില്‍ ഡി.ജി.പി നല്‍കിയ വിശദീകരണം കുറേക്കൂടി കടന്നതായിരുന്നു, 20 ശതമാനമല്ല അതിലും ഇരട്ടിയോളം തടവുകാര്‍ യഥാര്‍ത്ഥ കുറ്റവാളികളല്ല എന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ വിശദീകരണം എന്ന നിലയിലാണ് യാദൃച്ഛികമായി സംഭവിക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. നെയ്യാറ്റിന്‍കരയിലേത് ഇത്തരം കുറ്റകൃത്യത്തിനു ലക്ഷണമൊത്ത ഉദാഹരണമാണ് എന്നതിനു സാഹചര്യങ്ങളാണ് സാക്ഷി. പക്ഷേ, വിട്ടുകളയാവുന്ന നിസ്സാര കാര്യം ഊതിപ്പെരുപ്പിച്ച് കൊലപാതകത്തില്‍ എത്തിക്കുന്നതില്‍നിന്ന് ഹരികുമാറിന് ഒഴിഞ്ഞുമാറാമായിരുന്നു എന്ന നിരീക്ഷണം വസ്തുതയോട് അടുത്തു നില്‍ക്കുന്നു. മരിച്ചുപോയ ഒരാളെക്കുറിച്ച് ഈ വിധം കൂടുതല്‍ പറയാന്‍ മടിക്കുന്നതുകൊണ്ട് ക്രിമിനോളജിസ്റ്റുകളും മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ഇക്കാര്യത്തില്‍ മിതമായി സംസാരിക്കുന്നത് സ്വാഭാവികം. പേരു വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ അവരില്‍ ചിലര്‍ ഈ നിരീക്ഷണം ശക്തമായി മുന്നോട്ടു വയ്ക്കുന്നുണ്ട്. ''കുറ്റവാളി പൊലീസായാലും പ്രകോപിതരാകുമ്പോള്‍ പകയ്ക്കാണ് മുന്‍തൂക്കം. അതിവേഗത്തില്‍ മറ്റൊരു കാര്‍ വരുന്നത് കണ്ടിട്ടുതന്നെയാണ് സനലിനെ ഹരികുമാര്‍ റോഡിലേക്കു തള്ളിയിട്ടത് എന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ഇത് ശരിവയ്ക്കുന്നു. പരിഹാരക്രിയകള്‍ തുടങ്ങാന്‍ വൈകരുതാത്തതും അതുകൊണ്ടാണ്.''
''നെയ്യാറ്റിന്‍കരയില്‍ ഇന്നലെ അര്‍ദ്ധരാത്രി ഉണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് വാഹനമിടിച്ചു മരിച്ചു. പൊലീസുമായുള്ള തര്‍ക്കത്തിനിടെയാണ് യുവാവിന് അപകടം സഭവിച്ചതെന്നു നാട്ടുകാര്‍ ആരോപിച്ചു. കൊടുങ്ങാവിള കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് മരിച്ചത്'' എന്നാണ് ആറിന് പത്രങ്ങളില്‍ വന്ന ചെറിയ വാര്‍ത്ത. എന്നാല്‍, സംഘര്‍ഷത്തിനിടെയല്ല സനല്‍ മരിച്ചതെന്നു പിന്നീട് വ്യക്തമായി. സനല്‍ മരിച്ചശേഷമാണ് സംഘര്‍ഷമുണ്ടായതും നാട്ടുകാര്‍ വഴിതടഞ്ഞതും. ഡി.വൈ.എസ്.പി ഹരികുമാറുമായി ഉന്തും തള്ളും ഉണ്ടാവുകയും ഇതിനിടെ മറ്റൊരു വാഹനം ഇടിച്ചിടുകയും ചെയ്തതായാണ് വൈകിക്കിട്ടിയ വാര്‍ത്തയില്‍ നാട്ടുകാരെ ഉദ്ധരിച്ചു പറഞ്ഞിരുന്നത്. പിറ്റേന്നു വിശദാംശങ്ങള്‍ വന്നതോടെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ലെന്നു വ്യക്തമായി. പരസ്പരം ഉന്തും തള്ളുമൊന്നും ഉണ്ടായില്ല. വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ ഹരികുമാര്‍ സനലിനെ പിടിച്ചു തള്ളുകയായിരുന്നു. റോഡിലേയ്ക്ക് ശക്തിയില്‍ വീണ സനല്‍കുമാറിന്റെ ദേഹത്തുകൂടി അപ്പോള്‍ അതുവഴി വന്ന മറ്റൊരു വാഹനം കയറിയിറങ്ങി. പെട്ടെന്നു ബിനുവിനെ വിളിച്ചുവരുത്തി അയാളുമായി കാറില്‍ ഹരികുമാര്‍ രക്ഷപ്പെട്ടു. ബിനുവുമായുള്ള ഹരികുമാറിന്റെ ഇടപാടുകളെക്കുറിച്ച് പൊലീസില്‍നിന്നു തന്നെ ലഭിക്കുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. പൊലീസ് യൂണിഫോം ഉപയോഗിച്ച് ഹരികുമാര്‍ ഉണ്ടാക്കിയ എല്ലാ വഴിവിട്ട സമ്പാദ്യങ്ങളുടേയും സൂക്ഷിപ്പുകാരനാണ് ബിനു. ബിനുവിന്റെ വീട്ടില്‍ ഹരികുമാര്‍ നിത്യസന്ദര്‍ശകനായിരുന്നു. 
ഇനി നവംബര്‍ ആറിനും പന്ത്രണ്ടിനും ഇടയില്‍ ഉണ്ടായ ചില പ്രധാന പ്രതികരണങ്ങള്‍ ശ്രദ്ധിക്കുക: സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ തുടക്കത്തില്‍ പൊലീസ് കളിച്ച കളികളെക്കുറിച്ച് സാഹചര്യത്തെളിവുകള്‍ നല്‍കുന്ന പ്രതികരണങ്ങളാണ് ഇവ. ''അന്വേഷണം ഏല്‍പ്പിച്ച ഉദ്യോഗസ്ഥരില്‍ എനിക്ക് വിശ്വാസമില്ല. അപകട മരണമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണം, അല്ലെങ്കില്‍ സി.ബി.ഐക്കു വിടണം. ഇതാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പോകും. നീതി കിട്ടിയില്ലെങ്കില്‍ ഞാനും എന്റെ രണ്ട് കുഞ്ഞുങ്ങളും ചേട്ടനെ കൊന്നയിടത്ത് പോയിരിക്കും, അവിടെക്കിടന്നു ഞങ്ങള്‍ മരിച്ചാലും കുഴപ്പമില്ല'' പറയുന്നത് സനലിന്റെ ഭാര്യ വിജി. പിന്നീട് ഐ.ജി എസ്. ശ്രീജിത്തിനെ അന്വേഷണ മേല്‍നോട്ടം ഏല്‍പ്പിക്കുകയും ഹരികുമാറിനെ ഒളിവില്‍ പോകാനും മറ്റും സഹായിച്ച രണ്ടുപേരെ പിടിക്കുകയും ചെയ്‌തെങ്കിലും മരണത്തിന്റെ എട്ടാം പക്കം വിജിയും കുഞ്ഞുങ്ങളും ഉള്‍പ്പെടെ കൊടുങ്ങാവിളയില്‍ സത്യഗ്രഹം നടത്തി. അതിനിടയിലാണ് ഹരികുമാറിന്റെ മരണവാര്‍ത്ത എത്തിയത്. ദൈവം വിധി നടപ്പാക്കി എന്നു പ്രതികരിച്ച് സത്യഗ്രഹം നിര്‍ത്തി. എങ്കിലും ഹരികുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്ക് ശിക്ഷ കിട്ടുന്നതുവരെ സമരം തുടരാനാണ് ആക്ഷന്‍ കൗണ്‍സില്‍ തീരുമാനം. ''പൊലീസാണ് സംരക്ഷിക്കുന്നതെന്ന് ഉറപ്പാണ്. ഇനിയും പിടിച്ചില്ലെങ്കില്‍ ഞാനും പിള്ളേരും സംഭവമുണ്ടായ സ്ഥലത്ത് പോയി കിടക്കും, വേണ്ടിവന്നാല്‍ സെക്രട്ടറിയേറ്റ് നടയില്‍ പോയിരിക്കും. അവിടെക്കിടന്നു മരിക്കും''. എന്നാണ് സനലിന്റെ മരണത്തിന്റെ അഞ്ചാം ദിവസം അമ്മ രമണി പറഞ്ഞത്. ''ചടങ്ങുകള്‍ തീരും വരെ ഞാനും അമ്മയും പുറത്തിറങ്ങുന്നില്ല എന്നേയുള്ളൂ. ഞങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സെക്രട്ടറിയേറ്റ് പടിക്കലേയ്ക്ക് സമരം നടത്തും'' എന്ന് സനലിന്റെ സഹോദരി സജിതയും പറഞ്ഞു. ഹരികുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചവരെ വെറുതെ വിടരുത് എന്ന് ഹരികുമാറിന്റെ മരണത്തിനുശേഷവും സജിത ആവര്‍ത്തിച്ചു. ഹരികുമാറിന്റെ മരണത്തോടെ എല്ലാം തീരുന്നില്ല എന്നതിനു വ്യക്തമായ ഉദാഹരണമാണിത്. ''എനിക്കെന്തെങ്കിലും പറ്റുമോ ഇല്ലയോ എന്നറിയില്ല, കണ്‍മുന്നില്‍ കണ്ടതേ പറഞ്ഞിട്ടുള്ളൂ. കടയില്‍ നില്‍ക്കാന്‍ പേടിയാണ്. മനസ്സ് തകര്‍ന്നുപോകുന്നു'' കൊലപാതകത്തിന്റെ മുഖ്യസാക്ഷിയായ സുല്‍ത്താന ഹോട്ടല്‍ ഉടമ മാഹീന്റെ വാക്കുകള്‍. ''ഞങ്ങളെന്ത് പിഴച്ചു, ഞങ്ങളും എല്ലാവരേയുംപോലെ ജീവിക്കാന്‍ വന്നതല്ലേ?'' മാഹീന്റെ ഭാര്യ നൂര്‍ജഹാന്‍. മാഹീനും കുടുംബത്തിനുമെതിരെ ഗൂണ്ടാ ഭീഷണി ഉണ്ടായതിനെത്തുടര്‍ന്ന് നവംബര്‍ ഒമ്പതിന് ഉച്ചയ്ക്കുതന്നെ കട അടച്ച് വീട്ടില്‍ പോയി. എന്നാല്‍, പിറ്റേന്നു നാട്ടുകാര്‍ സംഘടിച്ച് മാഹീനും കുടുംബത്തിനു സംരക്ഷണം ഉറപ്പു നല്‍കി കട തുറപ്പിച്ചു. 
ഹരികുമാറിനു സുരക്ഷിതമായി കീഴടങ്ങാന്‍ പൊലീസ് വേണ്ടതൊക്കെ ചെയ്യുന്നതിനിടെയായിരുന്നു ഇതെല്ലാം. എന്നുവച്ചാല്‍ സനല്‍കുമാറിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കുന്നതിനെക്കാള്‍ പൊലീസ് മുന്‍ഗണന നല്‍കിയത് സസ്പെന്‍ഷനിലുള്ള ഡി.വൈ.എസ്.പിക്ക് 'നീതി' ഉറപ്പാക്കുന്നതിനാണ്. സമൂഹമാധ്യമങ്ങളിലും പുറത്തും പ്രതിഷേധം ഇരമ്പുന്നതിനിടെ നാല് മന്ത്രിമാര്‍ വീട്ടില്‍ പോയി വിജിയെ ആശ്വസിപ്പിച്ചു, ഞങ്ങള്‍ കൂടെയുണ്ടെന്നു പറഞ്ഞു, വിജിക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഡി.ജി.പി മുഖ്യമന്ത്രിയോട് അസാധാരണമായി ശുപാര്‍ശ ചെയ്തു. പക്ഷേ, അപ്പോഴും പൊലീസ് അന്വേഷണ പ്രഹസനമാണ് തുടരുന്നത് എന്ന സംശയവും ആരോപണവും നിലനിന്നു. പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ സാവകാശം നല്‍കി. അതില്‍ കോടതി തീരുമാനമെടുക്കാന്‍ നവംബര്‍ 14-ലേക്ക് മാറ്റി. ഇനിയും ഒളിവില്‍ കഴിഞ്ഞ് ബുദ്ധിമുട്ടാതെ കീഴടങ്ങാന്‍ വേണ്ടതു ചെയ്തു. നെയ്യാറ്റിന്‍കര ജയിലിലേക്ക് റിമാന്റ് ചെയ്താല്‍ അവിടെ ശത്രുക്കള്‍ ഉള്ളതുകൊണ്ട് കൊല്ലം ജില്ലയില്‍ കീടങ്ങാനും വഴിയൊരുക്കുന്നു എന്നും വന്നു. പൊലീസില്‍ എല്ലാവരും കുറ്റവാളികളും കുറ്റവാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും അല്ലാത്തതുകൊണ്ട് പൊലീസില്‍ നിന്നുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ന്നു കിട്ടിയ വിവരങ്ങളാണിത്. എങ്ങനെയെങ്കിലും നവംബര്‍ 13 വരെയൊന്ന് എത്തിച്ചാല്‍ ശബരിമല റിവ്യൂ ഹര്‍ജികളുടെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നും മുഴുവന്‍ ശ്രദ്ധയും അങ്ങോട്ടു മാറുമ്പോള്‍ കീഴടങ്ങാമെന്നും ഹരികുമാറിനു സഹപ്രവര്‍ത്തകരില്‍ ചിലരുടെ ഉപദേശം ലഭിച്ചതായും ഇതേവിധംതന്നെ സൂചന കിട്ടി. ''നമ്മളൊന്നു ശ്രമിച്ചാല്‍ അറസ്റ്റിലായിക്കഴിഞ്ഞുള്ള വിഷ്വല്‍സ് പോലും ചാനലുകാരന്മാര്‍ക്ക് കിട്ടാതെ നോക്കാം'' എന്നാണത്രേ ചില പൊലിസുദ്യോഗസ്ഥര്‍ സഹപ്രവര്‍ത്തകനുവേണ്ടി സ്വീകരിച്ച നിലപാട്. പക്ഷേ, കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നും ഇനിയും പൊലീസില്‍നിന്നു സംരക്ഷണം ലഭിക്കില്ലെന്നും 12-ന് രാത്രിയോടെ ഹരികുമാറിനു ബോധ്യമായി എന്നാണ് വിവരം. ഐ.ജി കര്‍ക്കശ നിലപാടിലായിരുന്നു.
ഈ അന്തര്‍നാടകങ്ങളെക്കുറിച്ചു കാര്യമായി ജനങ്ങള്‍ക്ക് അറിയില്ലെങ്കിലും കാര്യങ്ങളുടെ പോക്ക് അത്ര പന്തിയല്ല എന്ന തോന്നല്‍ ഓരോ ദിവസം ശക്തമായി. ഹരികുമാറിനെതിരെ ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും നടപടിയെടുത്തില്ല എന്നുകൂടി പുറത്തുവന്നു. ഹരികുമാറിനും അന്വേഷണ സംഘത്തിനും ഇടയിലെ ആശയവിനിമയങ്ങള്‍ തലസ്ഥാനത്തെ ചില ഇടതു നേതാക്കളും പൊലീസ് അസോസിയേഷന്‍ ജില്ലാ നേതാവും മുഖേനയാണ് എന്നത് സംശയത്തിനപ്പുറമുള്ള വസ്തുതയാണ്. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് ബിനുവുമായി കാറില്‍ രക്ഷപ്പെട്ട ഹരികുമാര്‍ ഫോണ്‍ ഓഫാക്കുന്നതിന് മുന്‍പ് പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാവുമായി ഒന്നിലേറെ തവണ സംസാരിച്ചതായി പൊലീസിലെ സ്പെഷ്യല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചതും ശരിതന്നെയാണ്. ഇത് ഡി.ജി.പി വിശകലനം ചെയ്തു, മുഖ്യമന്ത്രി ഈ കേസിനെക്കുറിച്ചു തിരക്കിയപ്പോള്‍ അദ്ദേഹത്തോട് ഡി.ജി.പി വിശദീകരിച്ചതില്‍ ഈ കാര്യങ്ങളുമുണ്ട്. പക്ഷേ, ആ ആശയവിനിമയങ്ങള്‍ നിലയ്ക്കാതെ തുടരുകതന്നെ ചെയ്തു. അതായത് സനല്‍ റോഡില്‍ വീണ് കാര്‍ കയറിയതിനെത്തുടര്‍ന്നു രക്ഷപ്പെട്ട ഹരികുമാറിനു വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിച്ച പൊലീസ് വഴികള്‍ കൃത്യവും വ്യക്തവുമാണ്. ഇതൊരു പൊലീസ് കൊലയാകുന്നത് ഈ കൂട്ടുനില്‍ക്കല്‍ കാരണമാണ്. പ്രതി മറ്റാരെങ്കിലുമാണെങ്കില്‍ കിട്ടാത്ത സഹായങ്ങള്‍ ഹരികുമാറിനു ലഭിച്ചുകൊണ്ടിരുന്നു, ഇടവേളകളില്ലാതെ. ആ സഹായങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഇവയാണ്: ഹരികുമാറുമായി നവംബര്‍ അഞ്ച് അര്‍ധരാത്രി മുതല്‍ ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരുന്നവരെ ചോദ്യം ചെയ്യുക; ഇവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുക. കൊലക്കേസ് പ്രതിയായ മുന്‍ ഡി.വൈ.എസ്.പിയുടെ ഉറ്റ സുഹൃത്തുക്കളായ പ്രാദേശിക നേതാക്കള്‍, ചില ജനപ്രതിനിധികള്‍, പ്രാദേശിക സര്‍വ്വീസ് സംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിക്കുക. മുഖ്യ സാക്ഷി ഹോട്ടലുടമ മാഹീനും കുടുംബത്തിനും നേരെ ഭീഷണി ഉയര്‍ത്തിയവരെ കസ്റ്റഡിയിലെടുത്ത് വേണ്ടവിധം ചോദ്യം ചെയ്യുക. കൊലക്കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്നവരും ആ ഉദ്യോഗസ്ഥനും തമ്മിലുള്ള ഇടപാടുകള്‍ പുറത്തുകൊണ്ടുവന്നാല്‍ അതിനു പിന്നിലെ താല്‍പ്പര്യങ്ങളും പുറത്തു വരും.
സനലിന്റെ സുഹൃത്ത് ഷൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹരികുമാറിനെതിരെ കൊലക്കുറ്റത്തിനു കേസെടുത്ത പൊലീസ് തുടര്‍ന്നുള്ള നടപടികളില്‍ ആ ശരിവഴിയല്ല സ്വീകരിച്ചത്. ആദ്യ അന്വേഷണ സംഘത്തലവന്‍ എ.എസ്.പി സുജിത് ദാസ് ആയിരുന്നു. ഒരേ റാങ്കിലുള്ള അടുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ ഹരികുമാറിനെ രക്ഷിക്കാന്‍ ശ്രമിച്ചേക്കും എന്ന ആരോപണം മൂലം പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. പക്ഷേ, ആദ്യവും പിന്നീടും പ്രതിയോട് സഹാനുഭൂതി പ്രകടിപ്പിക്കുന്ന മട്ടിലായി കാര്യങ്ങള്‍. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് അന്വേഷണ മേല്‍നോട്ടം ഏറ്റെടുക്കുന്നതുവരെ പൊലീസില്‍ ഒരു വിഭാഗത്തിന്റെ മനോഭാവം ഹരികുമാറിനു പറ്റിപ്പോയ കൈയബദ്ധം എന്ന മട്ടില്‍ത്തന്നെയായിരുന്നു. അതിനിടെയാണ് അന്വേഷണത്തിന് ഐ.ജി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടം വേണമെന്ന് വിജിയും പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടത് സര്‍ക്കാര്‍ അംഗീകരിച്ചത്. ഐ.ജി എസ്. ശ്രീജിത്തിനു മേല്‍നോട്ടച്ചുമതല നല്‍കി. എന്നിട്ടും സര്‍ക്കാരില്‍ വിശ്വാസമുണ്ടെങ്കിലും പൊലീസില്‍ വിശ്വാസമില്ല എന്ന മട്ടില്‍ വിജി മാധ്യമങ്ങളോടു പ്രതികരിച്ചു. അതിനു പിന്നാലെയാണ് സി.ബി.ഐ അന്വേഷണ ആവശ്യ നീക്കം ശക്തമാക്കിയത്. എന്നാല്‍, ഹരികുമാറിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ലോഡ്ജ് ഉടമയുടേയും കാര്‍ കൊണ്ടുക്കൊടുത്ത് സഹായിച്ച അനൂപ് കൃഷ്ണയുടേയും അറസ്റ്റുകള്‍ ഒറ്റ ദിവസം തന്നെ ഉണ്ടായത് നിര്‍ണ്ണായകമായി. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി കെ.എസ്. വിമല്‍ നടത്തുന്ന വകുപ്പുതല അന്വേഷണത്തിനൊടുവില്‍ ഹരികുമാര്‍ പൊലീസിനു പുറത്തേയ്ക്കു പോയേക്കും എന്ന സൂചനയും ശക്തമായി. 

കുഴപ്പക്കാരെ സംരക്ഷിച്ചാല്‍

2017-ലും 2018-ലും മാത്രം പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം ബി. ഹരികുമാറിനെതിരെ മൂന്നു റിപ്പോര്‍ട്ടുകളാണ് നല്‍കിയത്. അധികാരം ഉപയോഗിച്ചു ചെയ്യുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അത് പൊലീസിനുണ്ടാക്കുന്ന അപകീര്‍ത്തിയെക്കുറിച്ചും അക്കമിട്ടു പറയുന്ന റിപ്പോര്‍ട്ടുകള്‍ക്ക് ഫലമുണ്ടായില്ല. കസേരയ്ക്ക് ഇളക്കവുമുണ്ടായില്ല. 2017 ജൂണില്‍ ആയിരുന്നു ആദ്യ റിപ്പോര്‍ട്ട്. നെയ്യാറ്റിന്‍കര എസ്.ഐ ആയിരുന്നപ്പോള്‍ മുതല്‍ ബിനുവുമായി തുടരുന്ന ബന്ധത്തിലെ ദുരൂഹതും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏപ്രില്‍ മൂന്നിനായിരുന്നു രണ്ടാമത്തെ റിപ്പോര്‍ട്ട്. ഡി.വൈ.എസ്.പിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വി.എസ്.ഡി.പി നല്‍കിയ പരാതിയുടെ പശ്ചാത്തലത്തിലായിരുന്നു അത്. ഈ രണ്ട് റിപ്പോര്‍ട്ടുകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലും നടപടികള്‍ ഉണ്ടാകാതിരുന്നപ്പോള്‍ ഹരികുമാറിന് 'ആത്മവിശ്വാസം' വര്‍ദ്ധിച്ചു. ഏത് റിപ്പോര്‍ട്ടിനേയും മറികടക്കാനുള്ള ഉന്നതതല സ്വാധീനം തനിക്കുണ്ട് എന്നു പരസ്യമയി വീമ്പിളക്കിയതിനു സഹപ്രവര്‍ത്തകര്‍ സാക്ഷികളായി. ഇതു സംബന്ധിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ തന്നെ ഇന്റലിജന്‍സിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏപ്രില്‍ 25-നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഹരികുമാറിനെ നെയ്യാറ്റിന്‍കരയില്‍നിന്നു മാറ്റുകയും മറ്റു വകുപ്പുതല നടപടികള്‍ എടുക്കുകയും വേണം എന്ന ശുപാര്‍ശയോടെ ആയിരുന്നു ആ റിപ്പോര്‍ട്ട്. റേഞ്ച് ഐ.ജി മനോജ് എബ്രഹാമും ഇതേ കാര്യം മുകളിലേയ്ക്ക് അറിയിച്ചു. പക്ഷേ, നടപടിയുണ്ടായില്ല. ഭരണമുന്നണി തലത്തിലെ പ്രാദേശിക ഇടപെടലുകള്‍ക്ക് ജില്ലാ നേതൃത്വം വഴങ്ങേണ്ടി വന്നതും അതിനു പൊലീസ് നേതൃത്വം സമ്മതം മൂളേണ്ടി വന്നതുമായിരുന്നു കാരണം. വെറുതേ പ്രാദേശിക രാഷ്ട്രീയ നേതൃത്വം ഹരികുമാറിനെ പിന്തുണയ്ക്കില്ല എന്നുറപ്പ്. തിരിച്ച് അവര്‍ക്കും ഡി.വൈ.എസ്.പിയുടെ സഹായങ്ങള്‍ വേണ്ടതുപോലെ വേണ്ട സമയത്ത് കിട്ടിയിരുന്നു. അതിന്റെ ചില വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് ഏപ്രില്‍ മൂന്നിനും 25-നും ഇന്റലിന്‍ജന്‍സ് നല്‍കിയത്. 
ഹരികുമാറിന് ഇങ്ങനെ ലോഭമില്ലാത്ത സഹായവും പിന്തുണയും നല്‍കി വളര്‍ത്തിയതിന്റെ യാദൃച്ഛിക ഇരയായി മാറിയ സനലിനോട് പൊലീസ് പിന്നീടും കാണിച്ച ക്രൂരത യാദൃച്ഛികമായിരുന്നില്ല. മേലുദ്യോഗസ്ഥനു പൊലീസുകാര്‍ ചെയ്തുകൊടുക്കാന്‍ ശ്രമിച്ച സഹായം ഒരാളുടെ ജീവന് ഒരു വിലയും കല്‍പ്പിക്കാതെയായിരുന്നു. ആ അഞ്ചു മിനിറ്റ് വ്യത്യാസത്തില്‍ സനല്‍ രക്ഷപ്പെടുമായിരുന്നോ ഇല്ലയോ എന്നത് മറ്റൊരു കാര്യം മാത്രമാണ്. അതീവ ഗുരുതരാവസ്ഥയിലുള്ള സനലിനെ ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുന്‍പേ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കാനാണ് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ പ്രഥമശുശ്രൂഷയ്ക്കുശേഷം നിര്‍ദ്ദേശിച്ചത്. എന്നിട്ടാണ് ആംബുലന്‍സ് നേരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. റോഡില്‍ തള്ളിയിട്ടതുകൊണ്ടോ കാര്‍ ഇടിച്ചതുകൊണ്ടോ അല്ല രക്തം വാര്‍ന്നതുകൊണ്ടാണ് സനല്‍ മരിച്ചത് എന്നു വാദിക്കാന്‍ കേസ് കോടതിയില്‍ വരുമ്പോള്‍ പഴുതു നല്‍കുന്ന ക്രൂരമായ കുരുട്ടുബുദ്ധി എന്നാണ് ക്രിമിനല്‍ കേസുകള്‍ കൈകാര്യം ചെയ്തു പരിചയമുള്ള അഭിഭാഷകര്‍ ഇതിനെക്കുറിച്ചു പറയുന്നത്. വാദിയെ പ്രതിയാക്കിയും പ്രതിയെ നിരപരാധിയാക്കിയുമൊക്കെ ശീലമുള്ള ഈ പൊലീസ് ബുദ്ധിക്ക് സര്‍ക്കാര്‍ കൊടുത്ത അടിയന്തര മറുപടിയാണ് രണ്ടു പൊലീസുകാരുടെ സസ്പെന്‍ഷന്‍. അതുകൊണ്ടു നിര്‍ത്തണോ കൂടുതല്‍ നടപടി വേണോ എന്നും ആലോചനയുണ്ട്. പൊലീസിനും സര്‍ക്കാരിനും ചീത്തപ്പേരു മാത്രം വരുത്തുന്ന ഇത്തരം വളഞ്ഞ ബുദ്ധിമാന്മാര്‍ വേറെ ജോലി നോക്കേണ്ടി വന്നേക്കും. 

വേണമെന്നു വച്ചാല്‍

ബിനുവിന്റെ മകന്‍ അനൂപ് കൃഷ്ണ, ഹരികുമാരിനെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മാര്‍ത്താണ്ഡത്തിനടുത്ത് തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജര്‍ സതീഷ് എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് ഐ.ജി അന്വേഷണം ഏറ്റെടുത്ത പിന്നാലെയാണ്. അനൂപിന്റെ അറസ്റ്റ് പൊലീസിന്റെ തന്ത്രപരമായ നീക്കമായി വിലയിരുത്തപ്പെടുകയും ചെയ്തു. ഹരികുമാര്‍ ചെയ്ത പാതകത്തിന് താനും കുടുംബാംഗങ്ങളും കുടുങ്ങുന്നു എന്നു വരുന്നതോടെ ബിനു ഹരികുമാറിനെതിരെ തിരിയും എന്നായിരുന്നു കണക്കുകൂട്ടല്‍. കൊലയില്‍ പങ്കില്ലാത്ത ബിനു ഹരികുമാറിനെ രക്ഷിക്കാന്‍ മാത്രമാണ് കൂടെപ്പോയത് എന്നു ചൂണ്ടിക്കാട്ടി, ഹരികുമാറിനെ പിടികൂടാന്‍ ബിനു സഹായിച്ചാല്‍ അയാളെ കേസില്‍നിന്നു രക്ഷിക്കാന്‍ ശ്രമിക്കാമെന്ന വാഗ്ദാനം ബിനുവിന്റെ ബന്ധുക്കള്‍ക്ക് പൊലീസ് നല്‍കിയിരുന്നതായി സൂചനയുണ്ട്. എന്നാല്‍, അതിനു പ്രതീക്ഷിച്ച പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് ഐ.ജിയുടെ നിര്‍ദ്ദേശപ്രകാരം അനൂപിനെ കസ്റ്റഡിയിലെടുത്തത്. കല്ലമ്പലം വരെ എത്താന്‍ ഹരികുമാറും ബിനുവും ഉപയോഗിച്ച കാര്‍ എത്തിച്ചുകൊടുത്തത് അനൂപാണെന്നു പൊലീസ് കണ്ടെത്തി. കാറും കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാനുള്ള നെട്ടോട്ടത്തിന്റെ ഭാഗമായി അക്ഷയ ടൂറിസ്റ്റ് ഹോമില്‍ ഹരികുമാര്‍ ചെന്നിരുന്നു. രണ്ട് പുതിയ സിം കാര്‍ഡുകള്‍ എടുത്തു കൊടുക്കുന്നത് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ സതീഷില്‍നിന്നു ഹരികുമാറിനു കിട്ടി. സ്വന്തം സിം മാറ്റി ഈ സിമ്മുകളാണ് പിന്നീട് രണ്ടു ദിവസം ഹരികുമാര്‍ ഉപയോഗിച്ചത്. നവംബര്‍ ഏഴിനുശേഷം അതും ഉപയോഗിച്ചിട്ടില്ലെന്നും അന്വേഷണ സംഘം മനസ്സിലാക്കി. സതീഷ് സംഘടിപ്പിച്ചുകൊടുത്ത സിം നമ്പറുകള്‍ എവിടെ വരെ ഉപയോഗിച്ചു, അതില്‍നിന്ന് ആരെയൊക്കെ വിളിച്ചു എന്നത് അന്വേഷണത്തിന്റെ തുടര്‍ഗതിയെ നിര്‍ണ്ണായകമായി സ്വാധീനിക്കും.
കാര്യങ്ങള്‍ ഈ വിധം നീങ്ങുന്നതിനിടെ സനലിന്റെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം തുനിഞ്ഞിറങ്ങി. ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍നിന്നു കോണ്‍ഗ്രസ്സ് പിന്മാറിയതായിരുന്നു ആദ്യ നീക്കം. നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിനെ ഭരണപക്ഷ ആക്ഷന്‍ കൗണ്‍സില്‍ എന്നു വ്യാഖ്യാനിച്ചായിരുന്നു ഈ തീരുമാനം. ഐ.ജിയെ അന്വേഷണച്ചുമതല ഏല്‍പ്പിച്ച ശേഷവും സര്‍ക്കാരില്‍ വിശ്വാസമുണ്ട് എന്ന് വിജി പറഞ്ഞ ശേഷവും സി.ബി.ഐ അന്വേഷണം എന്ന നിലപാടില്‍നിന്ന് സനലിന്റെ കുടുംബം പിന്മാറാതിരുന്നത് ഈ ഇടപെടലിനെ തുടര്‍ന്നാണ് എന്ന ആക്ഷേപം സി.പി.എമ്മും ഉന്നയിക്കുന്നു. കേസ് അട്ടിമറിക്കാന്‍ സി.പി.എമ്മും സര്‍ക്കാരും ശ്രമിക്കുന്നു എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത് രണ്ട് അറസ്റ്റുകള്‍ ഉണ്ടായ നവംബര്‍ 11-നു തന്നെയാണ്. എ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ വിമര്‍ശിച്ച് പ്രതിയുടെ അതേ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് ശരിയല്ല എന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. അന്വേഷണം ഐ.ജിയെ ഏല്‍പ്പിച്ചപ്പോള്‍ അതും ഫലപ്രദമാകില്ല എന്ന് അദ്ദേഹം നിലപാട് മാറ്റി. ''സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നാണ് ആ കുടുംബം ആവശ്യപ്പെടുന്നത്. പൊലീസ് നടത്തിയ അതിക്രമം പൊലീസ് തന്നെ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടും. അതിനാല്‍ സി.ബി.ഐ തന്നെ അന്വേഷിക്കണം'' രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
പൊലീസില്‍ കുറ്റവാളികളുടെ എണ്ണം ഇത്ര ശതമാനമാണെന്നും അതില്‍ ഓരോ തസ്തികയിലുമുള്ളവര്‍ ഇത്രവീതമാണെന്നും കൃത്യമായ കണക്കുണ്ട്. കള്ളം പറയാത്ത ആ കണക്കുവച്ച് അടിയന്തര നടപടികള്‍ക്ക് വൈകിയാല്‍ ഇരകള്‍ ഇനിയുമുണ്ടാകും; ആദ്യം പ്രതിയും പിന്നെ ചിലപ്പോള്‍ ഇരയുമാകുന്ന പൊലീസുകാരും ഇനിയുമുണ്ടായിക്കൊണ്ടേയിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com