മണ്ഡല -മകരവിളക്കിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് 800 യുവതികള്‍; ശനിയാഴ്ച നട തുറക്കും

മണ്ഡല -മകരവിളക്കിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് 800 യുവതികള്‍ - ശനിയാഴ്ച നട തുറക്കും
മണ്ഡല -മകരവിളക്കിനായി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് 800 യുവതികള്‍; ശനിയാഴ്ച നട തുറക്കും

തിരുവനന്തപുരം:  മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്താന്‍ ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്തത് എണ്ണൂറോളം യുവതികള്‍. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍.

കൂടുതല്‍ യുവതികള്‍ ബുക്ക് ചെയ്തിരിക്കുന്നത് ആന്ധ്രയില്‍ നിന്നാണ്. കൂടാതെ ഡല്‍ഹിയില്‍നിന്നും കൊല്‍ക്കത്തയില്‍നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ഓണ്‍ലൈന്‍ ബുക്കിങ് നടത്തിയിട്ടുണ്ട്. ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ എത്രപേര്‍ ദര്‍ശനത്തിനെത്തുമെന്ന് വ്യക്തമല്ല. യുവതികളുടെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നിലയ്ക്കലില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസ് ടിക്കറ്റ് ബുക്കിങും ദര്‍ശന സമയ തിരഞ്ഞെടുപ്പും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് sabarimalaq.com വെബ് പോര്‍ട്ടല്‍ (ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം) പൊലീസ് ക്രമീകരിച്ചിരിക്കുന്നത്. ജനുവരി 19വരെ ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ ദര്‍ശന സമയം ബുക്ക് ചെയ്യാം.പോര്‍ട്ടലില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ദര്‍ശന സമയവും ലഭിക്കും. ഡിജിറ്റല്‍ ക്രൗഡ് മാനേജ്‌മെന്റ് സിസ്റ്റം വഴി കെഎസ്ആര്‍ടിസി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാതെ ദര്‍ശന സമയം മാത്രം ബുക്കു ചെയ്യുന്നവര്‍ നിലയ്ക്കലിലെ കൗണ്ടറില്‍നിന്ന് ബസ് ടിക്കറ്റെടുക്കണം. അല്ലെങ്കില്‍ കെഎസ്ആര്‍ടിസി സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മറ്റു സ്ഥലങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പയിലെത്തുന്നവര്‍ക്ക് നിലയ്ക്കലില്‍നിന്ന് ടിക്കറ്റ് എടുക്കേണ്ട ആവശ്യമില്ല.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസുകള്‍ മാത്രമേ അനുവദിക്കൂ. ടിക്കറ്റിന്റെ പ്രിന്റ് യാത്രക്കാര്‍ കൊണ്ടുവരണം. പത്തുപേര്‍ക്കുവരെ ഒറ്റ ടിക്കറ്റായി ബുക്ക് ചെയ്യാം. യാത്രക്കാരുടെ തിരിച്ചറിയല്‍ രേഖകള്‍ ബുക്കിങ് സമയത്ത് നല്‍കണം. 48 മണിക്കൂര്‍വരെ ഉപയോഗിക്കാവുന്ന റൗണ്ട് ട്രിപ്പ് ടിക്കറ്റാണ് നല്‍കുന്നത്. നിലയ്ക്കല്‍  പമ്പ  നിലയ്ക്കല്‍ നോണ്‍ എസി ബസ് ടിക്കറ്റിന് 80 രൂപയും എസി ബസ് ടിക്കറ്റിന് 150 രൂപയുമാണ്.

1.18 ലക്ഷം ടിക്കറ്റുകളാണ് കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ബുധനാഴ്ച വൈകിട്ടു വരെ വിറ്റഴിഞ്ഞത്. കഴിഞ്ഞവര്‍ഷം 36 ലക്ഷംപേരാണ് ശബരിമല യാത്രയ്ക്കായി കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. ഇത്തവണ രണ്ടരക്കോടിയോളം പേര്‍ കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുമെന്നാണ് കോര്‍പ്പറേഷന്റെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com