സ്ത്രീകളെ തടയില്ല ; ശബരിമലയില്‍ കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി നാടിന്റെ വിശാല താല്‍പ്പര്യം കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകരുത്
സ്ത്രീകളെ തടയില്ല ; ശബരിമലയില്‍ കെ സുധാകരനെ തള്ളി രമേശ് ചെന്നിത്തല

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ കെ സുധാകരനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുമെന്ന പ്രസ്താവനയാണ് രമേശ് ചെന്നിത്തല തള്ളിയത്. കെ സുധാകരന്റെ നിലപാട് വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച് നാളെ രാവിലെ യുഡിഎഫ് യോഗം ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

ശബരിമല യുവതീ പ്രവേശനത്തിനെതിരായ ഹര്‍ജികളില്‍ സുപ്രിംകോടതി വാദം കേള്‍ക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ വിവേക പൂര്‍ണമായ തീരുമാനം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിഷയം കോടതിയുടെ പരിഗണയിലിരിക്കുന്നു എന്നത് ഗൗരവമായി കാണണം. വിധി സ്റ്റേ ചെയ്തിട്ടില്ല എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങി നാടിന്റെ വിശാല താല്‍പ്പര്യം കാണാതെ സര്‍ക്കാര്‍ മുന്നോട്ടുപോകരുത്. സംസ്ഥാനത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാതിരിക്കാനുള്ള ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ട്. മുഖ്യമന്ത്രി പിടിവാശി ഉപേക്ഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി സ്‌റ്റേറ്റ്‌സ്മാനായി പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

സുപ്രിംകോടതി വിധി വന്ന സാഹചര്യത്തില്‍ 10 നും 50 നു ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമലയില്‍ കയറ്റിയേ അടങ്ങൂ എന്ന പിടിവാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. ശബരിമല വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്ന ഉടന്‍ തന്നെ, വിധി പകര്‍പ്പ് ലഭിക്കും മുമ്പേ സര്‍ക്കാര്‍ വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. അതിന്റെ ലീഗല്‍ ഓപ്ഷന്‍സിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് കണ്ടത്. സര്‍ക്കാരിന്റെ ഈ നിലപാടാണ് ശബരിമലയില്‍ പ്രശ്‌നം വഷളാക്കിയത്. 

കോടതി വിധി വന്നതിന് ശേഷം താനും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സര്‍വകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. കോടതി വിധിക്ക് ശേഷം രണ്ടു തവണ നട തുറന്നപ്പോഴും സംഘര്‍ഷഭരിതമായിരുന്നു. പൊലീസ് പലപ്പോഴും നോക്കുകുത്തിയായിരുന്നു. നിയന്ത്രണം പലപ്പോഴും ആര്‍എസ്എസിന്റെ കയ്യിലായിരുന്നു. ആര്‍എസ്എസിന്റെ അഴിഞ്ഞാട്ടത്തിന് ശബരിമലയെ സര്‍ക്കാര്‍ വിട്ടുകൊടുക്കുകയായിരുന്നു. 

ശബരിമലയെ കലാപഭൂമിയാക്കിയതില്‍ ബിജെപി, ആര്‍എസ്എസ്, എന്നിവക്ക് പുറമെ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പങ്കുണ്ട്. വിഷയത്തില്‍ ബിജെപി ആദ്യം മുതലേ കള്ളക്കളി കളക്കുകയാണ്. വിധിയെ എതിര്‍ക്കുന്ന ബിജെപി എന്തുകൊണ്ട് സുപ്രിംകോടതിയില്‍ ഹര്‍ജി കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു. മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി ശബരിമല 70 ദിവസത്തേക്ക് തുറക്കുമ്പോള്‍ എന്താകും സ്ഥിതിയെന്നും ചെന്നിത്തല ചോദിച്ചു. യുവതി പ്രവേശനത്തില്‍ സുപ്രിംകോടതിയുടെ ഇപ്പോഴത്തെ വിധി പക്വമായി, വിവേകപൂര്‍വം പ്രവര്‍ത്തിക്കാനുള്ള അവസരമാണ്. മണ്ഡല കാലത്തിനായി നടതുറക്കാന്‍ ഏതാനും ദിവസം മാത്രം ശേഷിക്കെ, പമ്പയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. മുഖ്യമന്ത്രി തിരുവനന്തപുരത്ത് യോഗം വിളിക്കാതെ, പമ്പയില്‍ സന്ദര്‍ശനം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com