ട്രെയ്‌നുകളില്‍ നിന്ന് ലേഡീസ് ഒണ്‍ലി കോച്ചുകള്‍ അപ്രത്യക്ഷമാകുന്നു; അപ്രതീക്ഷിത നീക്കവുമായി റെയില്‍വേ

ഇതിന് പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും
ട്രെയ്‌നുകളില്‍ നിന്ന് ലേഡീസ് ഒണ്‍ലി കോച്ചുകള്‍ അപ്രത്യക്ഷമാകുന്നു; അപ്രതീക്ഷിത നീക്കവുമായി റെയില്‍വേ


തിരുവനന്തപുരം: ട്രെയ്‌നുകളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകമായി അനുവദിച്ചിരുന്ന കോച്ചുകള്‍ നിര്‍ത്താന്‍ ഒരുങ്ങി റെയില്‍ വേ. ഇതിന് പകരമായി ജനറല്‍ കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. സംവരണ സീറ്റുകള്‍ മനസിലാകുന്നതിനായി ബസുകളിലേത് പോലെ സ്റ്റിക്കറുകള്‍ പതിക്കും. കോച്ചുകളുടെ ക്ഷാമമാണ് പുതിയ നടപടിക്ക് കാരണമായിരിക്കുന്നത്. 

പുതിയ സംവരണ രീതി റെയില്‍ വേ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം- ചെന്നൈ മെയില്‍, കൊച്ചുവേളി- ബാംഗളൂരു എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തില്‍ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിച്ചേക്കും. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റി. എന്നാല്‍ മുന്‍കൂര്‍ അറിയിപ്പു നല്‍കാതെയുള്ള നടപടി യാത്രികരെ ആശയക്കുഴപ്പത്തിലാക്കി. 

സംവരണ സീറ്റുകളില്‍ ഇരിക്കുന്ന പുരുഷന്മാരെ ടിക്കറ്റ് പരിശോധകരും റെയില്‍വേ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് നീക്കുന്നത്. പലര്‍ക്കും ഇതിന്റെ പേരില്‍ പിഴയും ചുമത്തി. സുരക്ഷാ മുന്‍നിര്‍ത്തിയാണ് ട്രെയ്‌നുകളില്‍ ലേഡീസ് കോച്ചുകള്‍ അനുവദിച്ചത്. എന്നാല്‍ പുതിയ സംവരണ രീതി സുരക്ഷാ ഭീഷണിയുണ്ടാക്കുമെന്നും ആശങ്കയുണ്ട്. 

കോച്ചുക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്. ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍.എച്ച്.ബി.) കോച്ചുകള്‍ ഉപയോഗിക്കുന്ന തീവണ്ടികളിലാണ് സ്ത്രീസംവരണ കോച്ചുകള്‍ ഇല്ലാതായത്. പാഴ്‌സല്‍വാന്‍ സൗകര്യമുള്ള എസ്.എല്‍.ആര്‍. (സീറ്റിങ് കം ലഗേജ് റേക്ക്) കോച്ചിന്റെ ഒരു ഭാഗമാണ് മുമ്പ് വനിതകള്‍ക്ക് മാറ്റിവെച്ചിരുന്നത്. അത് പിന്‍വലിക്കുന്നതാണ് പുതിയ നീക്കത്തിന് കാരണമാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com