ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം ; ബിജെപിക്കും കോണ്‍ഗ്രസിനും നല്ല ബുദ്ധി ഉദിക്കട്ടെയെന്ന് മുഖ്യമന്ത്രി

വിശ്വാസമാണ് വലുത്. മൗലികാവകാശമെല്ലാം അതിന് താഴെ എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാവില്ല
ഭരണഘടനയ്ക്ക് മുകളിലല്ല വിശ്വാസം ; ബിജെപിക്കും കോണ്‍ഗ്രസിനും നല്ല ബുദ്ധി ഉദിക്കട്ടെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്‍വിധിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ കോടതി മറ്റൊരു വിധി പറഞ്ഞാല്‍ അത് നടപ്പാക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു മുന്‍വിധിയുമില്ല. 1991 ല്‍ ഹൈക്കോടതി നിശ്ചിത പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചു. അതിനെതിരെയും ഞങ്ങള്‍ കോടതിയില്‍ പോയിട്ടില്ല. വിഷയത്തില്‍ ഞങ്ങള്‍ക്ക് വേറെ അഭിപ്രായം ഉണ്ടാകാം. പക്ഷെ സര്‍ക്കാര്‍ എന്ന നിലയില്‍ കോടതി വിധി നടപ്പാക്കിയേ പറ്റൂവെന്ന് സർവകക്ഷി യോ​ഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് ഒരു ദുര്‍വാശിയുമില്ല. ഇക്കാര്യത്തില്‍ ഒരു വാശിയും സര്‍ക്കാരിന് ഇല്ല. വിശ്വാസകള്‍ക്ക് എല്ലാ വിധസംരക്ഷണവും നല്‍കും. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ആര്‍ക്കും വേണ്ട. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നു വരിക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാവശ്യമായ ക്രമീകരണങ്ങളാണ് ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.  

യുവതീ പ്രവേശനത്തില്‍ സര്‍ക്കാരിന് മുന്നില്‍ മറ്റൊരു ഓപ്ഷനുമില്ല. വിധി അതേപോലെ നിലനില്‍ക്കുന്നു എന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. യുവതികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ക്രമീകരണം ഉണ്ടാക്കാമെന്ന് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദേശിച്ചു. അത് ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 

നിയമവാഴ്ചയുള്ള രാജ്യം എന്ന നിലയ്ക്ക് ഇതല്ലാതെ ഒരു നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാകില്ല. ഇത് വിശ്വാസികളുടെ വിശ്വാസ സംരക്ഷണത്തിന് മുന്‍തൂക്കം കൊടുക്കുന്ന സര്‍ക്കാര്‍തന്നെയാണ്. മൗലികാവകാശങ്ങള്‍ നമ്മുടെ വിശ്വാസങ്ങള്‍ക്ക് മേലെയുള്ളതാണെന്ന് നാം കാണണം. വിശ്വാസമാണ് വലുത്. മൗലികാവകാശമെല്ലാം അതിന് താഴെ എന്ന നിലപാട് ഒരു സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. ഇക്കാര്യം സുപ്രിംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. 

ഈ സാഹചര്യത്തില്‍ സുപ്രിംകോടതി വിധി അനുസരിക്കുക മാത്രമേ കഴിയുകയുള്ളൂവെന്ന് എല്ലാ  വിശ്വാസികളും മതനിരപേക്ഷ സമൂഹവും മനസ്സിലാക്കണം. നിര്‍ഭാഗ്യവശാല്‍  പ്രതിപക്ഷനേതാവിനും യുഡിഎഫിനും ബിജെപിക്കും ഇക്കാര്യത്തോട് യോജിക്കാനാവുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്. അവര്‍ക്ക് നല്ല ബുദ്ധി ഉദിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. യോ​ഗം കഴിഞ്ഞശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യുഡിഎഫ് ഇറങ്ങിപ്പോകുന്നു എന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com