മൊറട്ടോറിയം വെറുംവാക്കായി; ജപ്തിനോട്ടീസ് വന്നതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

പ്രളയത്തെ തുടര്‍ന്ന് എല്ലാ ബാങ്ക് വായ്പകള്‍ക്കും സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്
മൊറട്ടോറിയം വെറുംവാക്കായി; ജപ്തിനോട്ടീസ് വന്നതില്‍ മനംനൊന്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ചെറുതോണി: ബാങ്കില്‍ നിന്നുള്ള ജപ്തി നോട്ടീസ് കണ്ട് മാനസിക വിഷമത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി കീരിത്തോട് പുന്നയാര്‍ പെട്ടിക്കാപ്പിള്ളി ദിവാകരനെയാണ് (72) വീടിനടുത്തുള്ള കൊക്കോമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൊക്കോ കര്‍ഷകനായായിരുന്നു ദിവാകരന്‍. പ്രളയത്തെ തുടര്‍ന്ന് എല്ലാ ബാങ്ക് വായ്പകള്‍ക്കും സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരിക്കെയാണ് കഞ്ഞിക്കുഴി സര്‍വീസ് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചത്. 

ദിവാകരന്റെയും ഭാര്യ ഓമനയുടെയും പേരില്‍ എണ്‍പതിനായിരം രൂപയാണ് കാര്‍ഷിക വായ്പയെടുത്തിരുന്നത്. മുതലും പലിശയും ചേര്‍ത്ത് ഒന്നര ലക്ഷം രൂപയോളം അടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മാസം അവസാനം ബാങ്ക് നോട്ടീസ് അയച്ചു. തിങ്കളാഴ്ച ദിവാകരനോട് ബാങ്കിലെത്താനും പലിശയിളവ് നല്‍കാമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ബാങ്കില്‍ പോകാതെ അന്ന് രാവിലെ ദിവാകരന്‍ പുരയിടത്തിലേക്ക് പോയി. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച നാട്ടുകാരും ബന്ധുക്കളും ദിവാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദിവാകരനും ഭാര്യയും പുരയിടത്തിലെ കൊക്കോയുടെ വരുമാനത്തിലാണ് ജീവിച്ചിരുന്നത്. കാലവര്‍ഷത്തില്‍ കൊക്കോ നശിച്ചതോടെ വരുമാനവും നിലച്ചു. ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതോടെ ദിവാകരന്‍ വിഷാദത്തിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com