സര്‍വകക്ഷിയോഗം പരാജയം; വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി 

ശബരിമല വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയം
സര്‍വകക്ഷിയോഗം പരാജയം; വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി 

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ സമവായം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം പരാജയം. ശബരിമല യുവതി പ്രവേശനത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടരുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് സുപ്രിംകോടതി വിധി നടപ്പിലാക്കുക മാത്രമേ മാര്‍ഗമുളളുവെന്ന നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. 
വിധി നടപ്പാക്കുന്നതില്‍ സാവകാശം തേടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. 

അതേസമയം യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാരിന് മുന്‍പിലെ മാര്‍ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരിന് മുന്‍വിധിയില്ല. ഇക്കാര്യത്തില്‍ ദുര്‍വാശിയില്ല. യുവതി പ്രവേശനത്തില്‍ സാവകാശം തേടാന്‍ സര്‍ക്കാര്‍ ഉദേശിക്കുന്നില്ല. യുവതികളെ പ്രവേശിപ്പിക്കാന്‍ പ്രത്യേക ദിവസം എന്ന സാധ്യത സര്‍ക്കാര്‍ പരിശോധിക്കും. ഇക്കാര്യങ്ങള്‍ തന്ത്രിയുമായി ആലോചിക്കും. ഇതിനര്‍ത്ഥം യുവതികളെ തടയുമെന്നല്ല. ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കും. ശബരിമല കൂടുതല്‍ യശസ്സോടെ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷയെന്നും പിണറായി വിജയന്‍  പറഞ്ഞു.

വിധി നടപ്പാക്കുന്നതിന് സാവകാശം തേടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ തീര്‍ഥാടനക്കാലത്ത് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കോടതിയെ സമീപിക്കാവുന്നതാണെന്ന് ചെന്നിത്തല പറഞ്ഞു.

യുവതീ പ്രവേശനം അനുവദിച്ച വിധി സുപ്രിം കോടതി സ്‌റ്റേ ചെയ്തിട്ടില്ലെങ്കിലും നടപ്പാക്കേണ്ടതില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ജനുവരി 22ന് റിവ്യൂ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതു ഫലത്തില്‍ സ്റ്റേയായി കണക്കാക്കാവുന്നതാണെന്ന് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികളെ പരിഗണിക്കുന്നില്ലെന്ന് ശ്രീധരന്‍ പിള്ള കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, പിസി ജോര്‍ജ്, മുസ്‌ലിം ലീഗ് നേതാക്കള്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com