സര്‍ക്കാര്‍ അവസരം കളഞ്ഞുകുളിച്ചു; ഇനി എന്തുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല 

ശബരിമലയില്‍ സമാധാനം ഉറപ്പാക്കാനുളള സാഹചര്യം സര്‍ക്കാര്‍ കളഞ്ഞുകുളിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
സര്‍ക്കാര്‍ അവസരം കളഞ്ഞുകുളിച്ചു; ഇനി എന്തുണ്ടായാലും ഉത്തരവാദി മുഖ്യമന്ത്രിയെന്ന് ചെന്നിത്തല 

തിരുവനന്തപുരം: ശബരിമലയില്‍ സമാധാനം ഉറപ്പാക്കാനുളള സാഹചര്യം സര്‍ക്കാര്‍ കളഞ്ഞുകുളിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.വിശ്വാസസമൂഹത്തോടുളള യുദ്ധപ്രഖ്യാപനമാണ് സര്‍ക്കാര്‍ നടത്തിയത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും കൈയ്യാങ്കളിക്ക് കൂട്ടുനില്‍ക്കുകയാണ്. ശബരിമലയില്‍ ഇനിയുളള എല്ലാ പ്രശ്‌നങ്ങള്‍ക്കും ഉത്തരവാദി സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. ഇതോടെ മറ്റു വഴികളില്ലാതെ സര്‍വകക്ഷിയോഗത്തില്‍ നിന്ന് പ്രതിഷേധിച്ച് യുഡിഎഫ് ഇറങ്ങിപ്പോകുകയായിരുന്നു. സര്‍ക്കാര്‍ സര്‍വകക്ഷിയോഗത്തെ പ്രഹസനമാക്കി. സര്‍ക്കാര്‍ അവരുടെ മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഒരു വീട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ശബരിമലയില്‍ സമാധാനം ഉറപ്പാക്കാനുളള നല്ല അവസരമാണ് സര്‍ക്കാരിന് ലഭിച്ചത്. ഇത് പ്രയോജനപ്പെടുത്താമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. 

സുപ്രിംകോടതി തന്നെ റിവ്യൂ ഹര്‍ജി അനുവദിച്ച സാഹചര്യത്തില്‍ ഇത് പ്രയോജനപ്പെടുത്താനുളള അവസ്ഥയുണ്ടായിരുന്നു.  ശബരിമലയില്‍ സമാധാനം ഉറപ്പാക്കാനുളള സാഹചര്യമുണ്ടായിരുന്നു.  തങ്ങളുടെ അഭിപ്രായം കേട്ടശേഷമെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം മാറ്റുമെന്നായിരുന്നു കരുതിയിരുന്നത്. യുവതി പ്രവേശനം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ തറപ്പിച്ചുപറഞ്ഞതോടെ, ഇറങ്ങിപ്പോക്ക് അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിതരായി എന്നും ചെന്നിത്തല പറഞ്ഞു. 

ശബരിമല തീര്‍ത്ഥാടനത്തെ ദുര്‍ബലപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും കൈയ്യാങ്കളിക്ക് കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇനിയുളള പ്രശ്‌നങ്ങള്‍ക്ക് എല്ലാം സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com