അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 10 ന് അടക്കണം ; സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല, കര്‍ശന നിയന്ത്രണവുമായി പൊലീസ്, നിര്‍ദേശം അപ്രായോഗികമെന്ന് ദേവസ്വം ബോര്‍ഡ്

നിയന്ത്രണം നെയ്യഭിഷേകത്തെ ബാധിക്കും. പ്രസാദ വിതരണത്തിനുള്ള സമയ നിയന്ത്രണം ഭക്തരെ ബുദ്ധിമുട്ടിലാക്കുമെന്ന് ദേവസ്വം ബോര്‍ഡ്
അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 10 ന് അടക്കണം ; സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ല, കര്‍ശന നിയന്ത്രണവുമായി പൊലീസ്, നിര്‍ദേശം അപ്രായോഗികമെന്ന് ദേവസ്വം ബോര്‍ഡ്

സന്നിധാനം : ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പൊലീസ്. അപ്പം അരവണ കൗണ്ടറുകള്‍ രാത്രി 10 മണിയ്ക്ക് അടക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അന്നദാന മണ്ഡപങ്ങള്‍ രാത്രി 11 ന് അടക്കണം. സന്നിധാനത്ത് നട അടക്കുമ്പോള്‍ തന്നെ, അവിടെയുള്ള ഹോട്ടലുകളും കടകളും അടക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നട അടച്ചശേഷം ഒരു കടകളും തുറക്കാന്‍ പാടില്ല. സന്നിധാനത്ത് രാത്രി ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. 

സന്നിധാനത്തെ ദേവസ്വത്തിന്റെ ഒരു മുറിയിലും രാത്രി ആരെയും താമസിപ്പിക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കി. രാത്രി 10 മണിയോടെ മുറികല്‍ പൂട്ടി താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കണമെന്നും ദേവസ്വം അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. എന്നാല്‍ പൊലീസിന്റെ നോട്ടീസില്‍ എന്തു നടപടി എടുക്കണമെന്ന കാര്യം വൈകീട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, മന്ത്രി തുടങ്ങിയവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നാണ് ബോര്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 

സാധാരണ മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ശബരിമല നട തുറന്നാല്‍ നട അടക്കുന്നതുവരെ, അപ്പം അരവണ പ്രസാദ കൗണ്ടറുകള്‍ 24 മണിക്കൂറും തുറന്നിരിക്കുന്നതാണ് പതിവ്. വളരെ നീണ്ട ക്യൂവാണ് മിക്കപ്പോഴും കൗണ്ടറുകള്‍ക്ക് മുന്നില്‍ ഉണ്ടാകാറുള്ളതും. എന്നാല്‍ അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിക്കരുതെന്ന് പൊലീസ് രേഖാമൂലം ദേവസ്വം ബോര്‍ഡ് അധികൃതര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. അടുത്ത ദിവസം രാവിലെ നട തുറന്നശേഷം മാത്രമേ കൗണ്ടറുകള്‍ തുറക്കാവൂവെന്നും പൊലീസ് നിര്‍ദേശിച്ചു.  

അതേസമയം പൊലീസിന്റെ നിയന്ത്രണത്തിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തി. പൊലീസ് നിര്‍ദേശം അപ്രായോഗികമാണ്. സന്നിധാനത്ത് ഇത് നടപ്പാക്കാനാകില്ലെന്ന് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധേഷ് കുമാര്‍ വ്യക്തമാക്കി. പൊലീസിന്റെ നിയന്ത്രണം നെയ്യഭിഷേകത്തെ ബാധിക്കും. പ്രസാദവിതരണത്തിനുള്ള സമയ നിയന്ത്രണം ഭക്തരെ ബുദ്ധിമുട്ടിലാക്കും. ദേവസ്വം ബോര്‍ഡിന് വന്‍ സാമ്പത്തിക നഷ്ടത്തിനും ഇത്തരം നിയന്ത്രണങ്ങള്‍ ഇടയാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

പൊലീസിന്റെ കടുത്ത നിയന്ത്രണത്തില്‍ കടകളിലെ വ്യാപാരികള്‍ അതൃപ്തിയിലാണ്. വന്‍തുക കൊടുത്താണ് കടകള്‍ ലേലത്തില്‍ എടുത്തത്. അപ്പോഴൊന്നും ഇത്തരം കാര്യങ്ങള്‍ സൂചിപ്പിച്ചിരുന്നില്ല. ഇത്തരം നിയന്ത്രണം വന്‍ നഷ്ടമുണ്ടാക്കുമെന്നും കടക്കാര്‍ പരാതിപ്പെട്ടു. ശബരിമല മുതല്‍ പ്ലാപ്പള്ളി വരെ ദേവസ്വത്തിന്റെ 220 കടകളില്‍ നൂറോളം എണ്ണം മാത്രമാണ് ഇതുവരെ ലേലത്തില്‍ പോയിട്ടുള്ളത്. ബാക്കിയുള്ളവയുടെ ലേലം ഇന്ന് വൈകീട്ട് നടക്കാനിരിക്കെയാണ് കര്‍ശന നിയന്ത്രണവുമായി പൊലീസ് രംഗത്തെത്തിയിട്ടുള്ളത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com