തൃപ്തിയോടു മടങ്ങാന്‍ ആവശ്യപ്പെട്ടു, തടഞ്ഞുവച്ചത് പ്രകൃതമെന്ന് കടകംപള്ളി, ബിജെപി നാടകം കളിക്കുന്നെന്നും ആക്ഷേപം

ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ തടഞ്ഞുവച്ചത് പ്രാകൃതമായ പ്രതിഷേധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തൃപ്തിയോടു മടങ്ങാന്‍ ആവശ്യപ്പെട്ടു, തടഞ്ഞുവച്ചത് പ്രകൃതമെന്ന് കടകംപള്ളി, ബിജെപി നാടകം കളിക്കുന്നെന്നും ആക്ഷേപം

നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായിയെ തടഞ്ഞുവച്ചത് പ്രാകൃതമായ പ്രതിഷേധമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രാകൃതമാണ്. തൃപ്തിയോട് മടങ്ങിപ്പോവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവര്‍ തയാറായില്ലെന്ന് മന്ത്രി പറഞ്ഞു.

തൃപ്തി ദേശായി ശബരിമല ദര്‍ശനത്തിനു വന്നിരിക്കുന്നത് ഒരു സുപ്രിം കോടതി വിധിയുടെ ബലത്തിലാണ്. പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ കോപ്പിയാണ് അവര്‍ മുഖ്യമന്ത്രിക്കു നല്‍കിയത്. ഇത്രയും ബഹളം നടക്കുന്ന പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല ഇടപെട്ട് അവരെ തിരിച്ച് അയയ്ക്കാവുന്നതേയുള്ളൂവെന്ന് കടകംപള്ളി പറഞ്ഞു. തൃപ്തി ദേശായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണെന്നാണ് മനസിലാക്കുന്നത്. അവര്‍ കാവിക്കൊടി പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളും കണ്ടിട്ടുണ്ട്. കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ ഇടപെട്ട് അവരെ തിരിച്ചയക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുന്നത് പ്രാകൃതമാണെന്ന് കടകംപള്ളി പറഞ്ഞു.

സ്ഥിതിഗതികള്‍ പറഞ്ഞു മനസിലാക്കി തൃപ്തി ദേശായിയോടു മടങ്ങിപ്പോവാന്‍ പൊലീസ് ആവശ്യപ്പെട്ടതാണെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ അവര്‍ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് സംസാരിക്കുന്നത്. മഹാരാഷ്ട്രയിലെ ശനി ശിഘ്‌നാപ്പുര്‍ ക്ഷേത്രത്തില്‍ പോയതിനെക്കുറിച്ചാണ് അവര്‍ പൊലീസിനോടു പറഞ്ഞത്. 

ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് സംഘപരിവാര്‍ ബന്ധമുള്ളവരാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. ഇപ്പോള്‍ ദര്‍ശനത്തിനായി തൃപ്തി ദേശായി എത്തുന്നതും ഇതിനോടു ചേര്‍ത്തുവയ്ക്കണം. ബിജെപിയുടെ രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. ശബരിമല വിഷയത്തില്‍ വിശ്വാസത്തിന്റെ പേരിലല്ല ബിജെപി പ്രശ്‌നമുണ്ടാക്കുന്നത്. അവരുടെ ലക്ഷ്യം സമൂഹത്തില്‍ ചേരിതിവുണ്ടാക്കുകയും അതിലൂടെ വോട്ടു നേടുകയുമാണെന്ന് മന്ത്രി പറഞ്ഞു.  

പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഭക്തര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു. നാലു തവണ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയതായും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com