പിണറായി വിജയന്‍ ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമി; തൃപ്തിയെ പ്രേരിപ്പിച്ചു കൊണ്ടുവന്നതെന്ന് ശോഭാ സുരേന്ദ്രന്‍ 

ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രേരണയിലാണ് തൃപ്തി ദേശായി കേരളത്തില്‍ എത്തിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍
പിണറായി വിജയന്‍ ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമി; തൃപ്തിയെ പ്രേരിപ്പിച്ചു കൊണ്ടുവന്നതെന്ന് ശോഭാ സുരേന്ദ്രന്‍ 

കൊച്ചി: ആക്ടിവിസ്റ്റുകളുടെ ഗുരുസ്വാമിയായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രേരണയിലാണ് തൃപ്തി ദേശായി കേരളത്തില്‍ എത്തിയതെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഇരുമുട്ടിക്കെട്ടില്ലാതെ വരുന്ന സ്ത്രീകള്‍ക്ക് പൊലീസ് യൂണിഫോമും സംരക്ഷണവും നല്‍കി പിണറായി വിജയന്‍ ശബരിമലയിലേക്ക് കയറ്റിവിടുന്നതായുളള വ്യക്തമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്തി ദേശായി ഇവിടെ എത്തിയതെന്നും അവര്‍ ആരോപിച്ചു. ആചാരസംരക്ഷണത്തിന് വേണ്ടി ജീവന്‍ വരെ ത്യജിക്കാന്‍ തയ്യാറുളള ഭക്തരുടെ വികാരം മനസ്സിലാക്കി നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ തൃപ്തി ദേശായിയെ തടഞ്ഞു കൊണ്ട് സമരം നടത്തുന്ന പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഇരുമുട്ടിക്കെട്ടില്ലാതെ,കറുപ്പ് വസ്ത്രമില്ലാതെ, അയ്യപ്പന്റെ ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് ഒന്നും അറിയാതെയാണ് തൃപ്തി ദേശായി എത്തിയിരിക്കുന്നത്. തനിക്ക് ഇതിന്റെയൊന്നും ആവശ്യമില്ലെന്നാണ് അവര്‍ പറയുന്നത്. ചന്തയില്‍ പോകുന്നത് പോലെ ശബരിമലയില്‍ ദര്‍ശനം നടത്താമെന്നുളള അഹങ്കാരവും ധിക്കാരവുമായിട്ടാണ് വണ്ടി ഇറങ്ങിയിട്ടുളളതെങ്കില്‍ ഇവരെ അതിവേഗം തന്നെ തിരിച്ചയ്ക്കുക എന്ന കര്‍ത്തവ്യം നിറവേറ്റനാണ് വിശ്വാസികള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. 

ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി കത്ത് നല്‍കി. എവിടെ നിന്നാണ് ഇത്തരത്തില്‍ പെരുമാറാന്‍ ഈ സ്ത്രീക്ക് പ്രേരണ കിട്ടിയതെന്ന് ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. ഇരുമുട്ടിക്കെട്ടില്ലാതെ വരുന്ന സ്ത്രീകള്‍ക്ക് പൊലീസ് യൂണിഫോമും സംരക്ഷണവും നല്‍കി പിണറായി വിജയന്‍ ശബരിമലയിലേക്ക് കയറ്റിവിടുന്നതായി അറിഞ്ഞാണ് തൃപ്തി ദേശായി ഇവിടെ എത്തിയിരിക്കുന്നതെന്നും  ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു. 

ആക്ടിവിസത്തിന്റെ വേദിയാക്കി മാറ്റാനും ജനശ്രദ്ധ കിട്ടാനുമാണ് തൃപ്തി ദേശായി വന്നിരിക്കുന്നത്. ഇവര്‍ തിരിച്ചുപോകണമെന്നും ഇവരെ തിരിച്ചയക്കാന്‍ വിമാനത്താവള അധികൃതര്‍ അവരുടെ ഡ്യൂട്ടി ചെയ്യണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com