പിണറായി വിജയന്റെ തലയിൽ കൂടി അഭിഷേകം നടത്താൻ പറ്റുമോ; ഇരുമുടിക്കെട്ടുമായെത്തിയ ശശികലയെ പൊലീസ് തടഞ്ഞു

പിണറായി വിജയന്റെ തലയിൽ കൂടി അഭിഷേകം നടത്താൻ പറ്റുമോ; ഇരുമുടിക്കെട്ടുമായെത്തിയ ശശികലയെ പൊലീസ് തടഞ്ഞു

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനായി എത്തിയ ഹിന്ദു എെക്യവേദി നേതാവ് കെപി ശശികലയെ പൊലീസ് തടഞ്ഞു. സന്നിധാനത്തേക്ക് കയറുന്നത് തടയുക എന്ന നിലയിലാണ് ശശികലയെ മരക്കൂട്ടത്തിൽ വച്ച് തടഞ്ഞത്. മുൻകരുതലിന്റെ ഭാ​ഗമായാണ് തടയുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ശശികല ടീച്ചർക്കൊപ്പമുള്ള നാല് പേരെയും സമാനമായി തന്നെ തടഞ്ഞിട്ടുണ്ട്. 

ഇന്ന് ഹരിവരാസം പാടി നട അടയ്ക്കും മുൻപ് സന്നിധാനത്തെത്തണമെന്നാണ് തന്റെ ആ​ഗ്രഹമെന്ന് ശശികല പറഞ്ഞു. ഇന്ന് സന്നിധാനത്ത് എത്താൻ സാധിച്ചില്ലെങ്കിൽ തന്നെ തടഞ്ഞു വച്ച സ്ഥലത്ത് നിന്ന് ഒരു സ്ഥലത്തേക്കും മാറില്ല. പത്ത് മണിക്ക് ശേഷം തങ്ങാൻ പാടില്ലെന്ന നിർ​ദേശം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അവർ ചോദിച്ചു. നെയ്ത്തേങ്ങയുമായി വരുന്ന ഭക്തർക്ക് അത് അഭിഷേകത്തിന് നൽകാൻ രാത്രി തങ്ങേണ്ടി വരും. ഈ നിർദേശമനുസരിച്ചാണെങ്കിൽ നെയ്യ് എകെജി സെന്ററിൽ കൊണ്ടു പോകണോ. അതല്ലെങ്കിൽ പിണറായി വിജയന്റെ തലയിൽ അഭിഷേകം ചെയ്യുകയാണോ വേണ്ടത് എന്നും ശശികല ചോദിച്ചു. വ്രതം നോറ്റ് വരുന്ന അയ്യപ്പൻമാർ ഈ നെയ്യഭിഷേകമെന്ന പുണ്യം മുഹൂർത്തം ദർശിക്കാൻ കൂടിയാണ് വരുന്നത്. അല്ലാതെ ഭണ്ഡാരം നിറയ്ക്കാനല്ല. ഇതൊന്നും പാടില്ല എന്ന് പറയാൻ ഇവരാരാണെന്നും ശശികല ചോദിച്ചു.

പമ്പയിലെത്തിയ ഹിന്ദു എെക്യവേദി നേതാവ് സ്വാമി ഭാർ​ഗവ റാമിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ തന്നെയാണ് ഭാർ​ഗവ റാമിനേയും കരുതൽ തടങ്കലിൽ ഇരുത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 

നേരത്തെ ആചാര സംരക്ഷണ സമിതി കണ്‍വീനര്‍ പൃഥ്വിപാലിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ഇയാളെയും കസ്റ്റഡിലെടുത്തതെന്ന് കോട്ടയം എസ്പി വ്യക്തമാക്കിയിരുന്നു. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ സംഘത്തെ തടഞ്ഞാണ് പോലീസ് പൃഥ്വിപാലിനെ അറസ്റ്റ് ചെയ്തത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com