മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റ്: രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി
By സമകാലികമലയാളം ഡെസ്‌ക് | Published: 16th November 2018 10:48 AM |
Last Updated: 16th November 2018 10:57 AM | A+A A- |

കൊച്ചി: മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട കേസില്‍ രഹ്ന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയാണ് തളളിയത്. പൊലീസിന് നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി അറിയിച്ചു.
മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്‌തെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രഹ്ന ഫാത്തിമയ്‌ക്കെതിരെ കേസെടുത്തിരുന്നത്.
സുപ്രീം കോടതി വിധി വന്നത് മുതല്‍ വ്രതം നോറ്റ് ശബരിമലയില്‍ പോവാന്‍ ആഗ്രഹിച്ച ആളാണ് താനെന്നും ശബരിമല സന്ദര്‍ശനം നടത്തിയ തനിക്കെതിരെ അനാവശ്യ കുറ്റം ചുമത്തി പത്തനംതിട്ട പൊലീസ് കേസെടുത്തിരിക്കുകയാണെന്നും ആരോപിച്ചാണ് രഹ്ന ഫാത്തിമ മൂന്‍കൂര്‍ ജാമ്യം തേടിയത്.
സാമൂഹ്യമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. രഹ്നയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബി.ജെ.പി നേതാവ് ആര്‍. രാധാകൃഷ്ണമേനോന്റെ പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് കേസെടുത്തത്.