സര്‍ക്കാരിന് ആവേശം യുവതി പ്രവേശനത്തില്‍ മാത്രം; ഭക്തര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ചെന്നിത്തല

സര്‍ക്കാരിന് ആവേശം യുവതി പ്രവേശനത്തില്‍ മാത്രം - ഭക്തര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ചെന്നിത്തല
സര്‍ക്കാരിന് ആവേശം യുവതി പ്രവേശനത്തില്‍ മാത്രം; ഭക്തര്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് ചെന്നിത്തല


തിരുവനന്തപുരം: നിയന്ത്രണങ്ങളുടെ പേരില്‍ തീര്‍ത്ഥാടനം അസാധ്യമാക്കുന്ന നടപടി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഉപേക്ഷിക്കണമെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ പൊലീസിനെ വിന്യസിക്കുന്നതല്ലാതെ കോടിക്കണക്കിന് ഭക്തര്‍ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. യുവതി പ്രവേശനത്തിന് ആവേശം കാട്ടുന്ന സര്‍ക്കാര്‍ ഭക്തന്‍മാര്‍ക്ക് സൗകര്യമൊരുക്കുന്നതില്‍ ആവേശം കാണിക്കാത്തത് എന്താണെന്നും ചെന്നിത്തല ചോദിച്ചു. 

അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പരാജയപ്പെട്ടു. ആറ് മാസം മുന്‍പെ നടത്തേണ്ട ഒരുക്കങ്ങള്‍ പോലും നടത്തിയിട്ടില്ല. സര്‍വകക്ഷി യോഗത്തില്‍ ഇക്കാര്യം പ്രതിപക്ഷം പറഞ്ഞിട്ടും സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമലയിലെത്തുന്ന ഭക്തര്‍ക്ക് ശുദ്ധം ജലം ലഭിക്കുന്ന സാഹചര്യം പോലുമില്ല, റോഡുകള്‍  യാത്രാ യോഗ്യമല്ല, പമ്പയിലും ത്രിവേണിയിലും ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. പ്രളയത്തിലുണ്ടായ മണ്‍കൂനകള്‍ പോലും മാറ്റിയിട്ടില്ല. ഒരു മഴപെയ്താല്‍ തീര്‍ത്ഥാടകര്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചെന്നിത്തല പറഞ്ഞു. 

അടിയന്തിരമായി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഇപ്പോഴും ഭക്തരുടെ താത്പര്യത്തെക്കാള്‍ രാഷ്ട്രീയ താത്പര്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. സര്‍ക്കാരിന് വിവേകബുദ്ധിയോടെ പ്രവര്‍ത്തിക്കാനുള്ള അവസരമാണ്. വീണ്ടുവിചാരത്തോടെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാരിന് നല്ലതാണെന്നും ചെന്നിത്തല പറഞ്ഞു. 

തൃപ്തി ദേശായിയുടെ കോണ്‍ഗ്രസ് ബന്ധത്തെ പറ്റി ചെന്നിത്തലയുടെ മറുപടി ഇങ്ങനെ- രാജ്യത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാത്ത ഏത് നേതാക്കളാണ് ഉള്ളത്. പത്തുവര്‍ഷമായി കോണ്‍ഗ്രസുമായി യാതൊരു ബന്ധവുമില്ല. അവര്‍ക്ക് സുരക്ഷയൊരുക്കണമോ, മടങ്ങി പോകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com