സാവകാശ ഹർ‌ജി; ദേവസ്വം ബോർഡ് തീരുമാനം സ്വാ​ഗതാർഹം കടകംപള്ളി

ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സാവകാശ ഹർജി നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തെ സർക്കാർ എതിർക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സാവകാശ ഹർ‌ജി; ദേവസ്വം ബോർഡ് തീരുമാനം സ്വാ​ഗതാർഹം കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സാവകാശ ഹർജി നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തെ സർക്കാർ എതിർക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് നേരിടുന്ന പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ്  അവര്‍ സാവകാശ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ക്ഷേത്രനട തന്നെ സംഘര്‍ഷഭൂമി ആയിമാറുന്ന സാഹചര്യമുണ്ടായി. പ്രളയ ദുരന്തം പമ്പയിലടക്കം നാശം വിതച്ചു. ഇക്കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തി യുവതീ പ്രവേശന വിഷയത്തില്‍ സാവകാശം വാങ്ങാമെന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനുള്ളത്.

സ്വതന്ത്ര നിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെ സര്‍ക്കാര്‍ എതിര്‍ക്കില്ല. എന്നാല്‍, യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ സുരക്ഷ ഒരുക്കാനുളള ഉത്തരവാദിത്വം പോലീസിനാണ്. ഇതിന്റെ ഭാ​ഗമായി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളിൽ ഭക്തര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ അത് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാനുള്ള നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ബിജെപിയാണ് തൃപ്തി ദേശായിയെ പോലെയുള്ളവരെ കേരളത്തിലെത്തിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നിലുള്ളത്. മുൻപ് കോണ്‍ഗ്രസ് ആയിരുന്ന തൃപ്തി ദേശായി ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. ബിജെപിയുടെ അജണ്ടയില്‍പ്പെട്ട കാര്യമാണ് തൃപ്തി ദേശായിയുടെ സന്ദര്‍ശനം അടക്കമുള്ളവയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com