പൊലീസുമായി രൂക്ഷവാക്കേറ്റം; ബലപ്രയോഗത്തിലൂടെ കെ സുരേന്ദ്രന്‍ കസ്റ്റഡിയില്‍

കെ സുരേന്ദ്രന്‍ കസ്റ്റഡിയില്‍ - ആള്‍ക്കൂട്ടമില്ലാതെയാണ് വന്നത് - പൊലീസ് കലാപമുണ്ടാക്കുന്നു
പൊലീസുമായി രൂക്ഷവാക്കേറ്റം; ബലപ്രയോഗത്തിലൂടെ കെ സുരേന്ദ്രന്‍ കസ്റ്റഡിയില്‍

നിലക്കല്‍: ശബരിമല സന്നിധാനത്തേക്ക് പുറപ്പെട്ട ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേന്ദ്രനെയും ഒപ്പമുണ്ടായിരുന്ന നാലു പേരെയും നിലക്കലില്‍വെച്ചാണ് സുരക്ഷാ ചുമതലയുള്ള എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സുരക്ഷാ നിയമങ്ങള്‍ അനുസരിക്കാതെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുകയും ക്രമസമാധാനനില തകരാറിലാകാന്‍ സാധ്യതയുള്ളതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് നടപടി. സുരേന്ദ്രനെ പത്തനംതിട്ടയിലെ എസ്.പി ഓഫീസില്‍ എത്തിക്കും.

രാത്രി സന്നിധാനത്ത് പോയി ദര്‍ശനവും നാളെ ഗണപതി ഹോമവും നടത്താനാണ് സുരേന്ദ്രന്‍ നിലക്കലില്‍ എത്തിയത്. നിലക്കല്‍ ബേസ് ക്യാമ്പില്‍ നിന്ന് പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയാറാന്‍ തുടങ്ങവെയാണ് എസ്.പി യതീശ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞത്. വൈകീട്ട് എട്ടു മണിക്ക് ശേഷം പമ്പയിലേക്ക് ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ പോകാന്‍ അനുവദിക്കില്ലെന്നും നാളെ അനുവാദം നല്‍കാമെന്നും യതീശ് ചന്ദ്ര സുരേന്ദ്രനെ അറിയിച്ചു.

അതേസമയം, പൊലീസ് നടപടി അംഗീകരിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മനഃപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അറസ്റ്റിന് വഴങ്ങില്ലെന്നും എന്ത് നടപടി വേണമെങ്കിലും പൊലീസിന് സ്വീകരിക്കാമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ഇന്നലെ ശബരിമലയില്‍ ആവശ്യമില്ലാതെ പൊലീസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി തൊഴാന്‍ എത്തിയ കെപി ശശികലയെ പൊലീസ് അനാവശ്യമായി തടയുകയായിരുന്നു. പൊലീസിന്റെ അനാവശ്യനടപടികളെ തുടര്‍ന്ന് ശബരിമലയിലെത്താന്‍ തീര്‍ത്ഥാടകര്‍ക്ക് ആശങ്കയാണ്. വലിയ മനുഷ്യാവകാശമാണ് നിയന്ത്രണമെന്ന പേരില്‍ പൊലീസ് സന്നിധാനത്ത് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ സന്നിധാനം ശാന്തമാണ്. ഉച്ഛത്തിലുള്ള ശരണംവിളിപോലും കേള്‍്ക്കുമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പിന്നീട് പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും സുരേന്ദ്രന്‍ വഴങ്ങിയില്ല. തുടര്‍ന്ന് ശരണം വിളികളുമായി പൊലീസ് തടസം മറികടന്ന് പോകാന്‍ സുരേന്ദ്രനും സംഘവും ശ്രമം നടത്തി. ഇത് സംഘര്‍ഷത്തിന് വഴിവെച്ചു. ശേഷം സുരേന്ദ്രന്റെയും മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് വാഹനത്തില്‍ സ്ഥലത്ത് നിന്ന് നീക്കി.

ദര്‍ശനം നടത്താനായി സന്നിധാനത്തേക്ക് പുറപ്പെട്ട ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇന്നലെ രാത്രി മരക്കൂട്ടത്ത് വെച്ച് പൊലീസ് തടഞ്ഞിരുന്നു. പിന്നീട് അറസ്റ്റിലായ ശശികലക്ക് ഇന്ന് വൈകിട്ടോടെയാണ് ജാമ്യം ലഭിച്ചത്. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com