ഫോബ്‌സ് മാസികയുടെ യുവസംരംഭകരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശി; അംഗീകാരം ഊര്‍ജമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച്

ഇന്റലിജന്റ് സെലക്ടീവ് ഇലക്ട്രോ ഡയാലിസിസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ 'റെന്‍ജെന്‍ ടെക്‌നോളജീസി'ന്റെ സ്ഥാപകനാണ് കിഷോര്‍
ഫോബ്‌സ് മാസികയുടെ യുവസംരംഭകരുടെ പട്ടികയില്‍ തിരുവനന്തപുരം സ്വദേശി; അംഗീകാരം ഊര്‍ജമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച്

തിരുവനന്തപുരം; ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ യുവസംരംഭകരുടെ പട്ടികയില്‍ ഒരു മലയാളിയും. തിരുവനന്തപുരം സ്വദേശിയായ ഗവേഷകന്‍ കിഷോര്‍ ഗോവിന്ദ് നായരാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഊര്‍ജമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് അംഗീകാരം. ഇന്റലിജന്റ് സെലക്ടീവ് ഇലക്ട്രോ ഡയാലിസിസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് അപ്പായ 'റെന്‍ജെന്‍ ടെക്‌നോളജീസി'ന്റെ സ്ഥാപകനാണ് കിഷോര്‍.

മാസച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷണ വിദ്യാര്‍ഥിയാണ് കിഷോര്‍. 30 വയസ്സിന് താഴെയുള്ള സംരംഭകരുടെ പട്ടികയായ '30 അണ്ടര്‍ 302019'ലാണ് 27 കാരനായ കിഷോര്‍ ഇടംകണ്ടെത്തിയത്. 

തിരുവനന്തപുരം പി.ടി.പി. നഗര്‍ സ്വദേശിയായ കിഷോര്‍ ഒ.എന്‍.ജി.സി.യില്‍ എന്‍ജിനീയറായിരുന്ന സുരേഷ് കുമാറിന്റെയും ശ്രീ ചിത്തിരതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ കംപ്യൂട്ടര്‍ ഡിവിഷന്‍ മേധാവിയായ ഡോ. ജി. ഗീതയുടെയും മകനാണ്. ബോംബെ ഐഐടിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം സ്‌കോളര്‍ഷിപ്പോടെയാണ് അമേരിക്കയിലെത്തിയത്. കടല്‍വെള്ളത്തില്‍നിന്ന് ചെലവുകുറഞ്ഞ രീതിയില്‍ ഉപ്പ് വേര്‍തിരിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്ന ഗവേഷണത്തിലാണ് 27കാരനായ ഇദ്ദേഹമിപ്പോള്‍.

20 മേഖലകളില്‍ മികവുതെളിയിച്ച 600 പേരെയാണ് ഫോബ്‌സ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ ഫോബ്‌സിന്റെ അണ്ടര്‍ 30 ഉച്ചകോടിയില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com