രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞപ്പോള്‍ കേട്ടില്ല, രാജാവും തന്ത്രിയും പറഞ്ഞപ്പോള്‍ കേട്ടു; ഇതെന്തു നവോത്ഥാനം? : ചെന്നിത്തല

ഇതാണോ നവോത്ഥാനം? രാഷ്ട്രീയ പാര്‍ട്ടികളെ പരിഹസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ചെന്നിത്തല
രാഷ്ട്രീയ പാര്‍ട്ടികള്‍ പറഞ്ഞപ്പോള്‍ കേട്ടില്ല, രാജാവും തന്ത്രിയും പറഞ്ഞപ്പോള്‍ കേട്ടു; ഇതെന്തു നവോത്ഥാനം? : ചെന്നിത്തല


കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിളിച്ചു ചേര്‍ച്ച സര്‍വകക്ഷിയോഗത്തില്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവച്ച കാര്യങ്ങള്‍ അംഗീകരിക്കാത്ത മുഖ്യമന്ത്രി തന്ത്രിയും രാജാവും അതു പറഞ്ഞപ്പോള്‍ അംഗീകരിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതെന്ത് പുരോഗമനമാണെന്ന് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു. ഇതാണോ നവോത്ഥാനം? രാഷ്ട്രീയ പാര്‍ട്ടികളെ പരിഹസിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

ശബരിമല വിധിയില്‍ സര്‍ക്കാര്‍ റിവ്യു ഹര്‍ജി നല്‍കണമെന്നും വിധി നടപ്പാക്കാന്‍ സാവകാശം തേടണമെന്നും യുഡിഎഫ് നേരത്തെ തന്നെ ആവശ്യപ്പെട്ടതാണ്. ഹിന്ദു ആരാധനാലയ പ്രവേശനത്തിലെ സ്ത്രീകള്‍ക്കു നിയന്ത്രണമുള്ള ഭാഗം എടുത്തുകളയുകയാണ് സുപ്രിം കോടതി ചെയ്തത്. അത് ഇന്ന ദിവസം മുതല്‍ നടപ്പാക്കണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചിട്ടില്ല. സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ പ്രത്യേകിച്ച് ഒരു നിര്‍ദേശവുമില്ലെന്ന് ചെന്നിത്തല പറഞ്ഞു.

ദേവസ്വം ബോര്‍ഡ് പുനപ്പരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് തുടക്കം മുതല്‍ ഉയര്‍ന്ന ആവശ്യം. ബോര്‍ഡ് അതിനു തയാറായിട്ടും മുഖ്യമന്ത്രി തടഞ്ഞു. പിന്നീട് തല്‍സ്ഥിതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കുമെന്ന് ബോര്‍ഡ് പറഞ്ഞപ്പോഴും മുഖ്യമന്ത്രി എതിര്‍ത്തെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ശബരിമലയില്‍ ആരെയും തടയാന്‍ കോണ്‍ഗ്രസില്ല. കോണ്‍ഗ്രസില്‍ എല്ലാത്തരം ആളുകളുമുണ്ട്. അതുകൊണ്ടാണ് കൊടിയില്ലാതെ നാമജപ യാത്രയില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനു കോണ്‍ഗ്രസ് ഇല്ല. 

റിവ്യു ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാമെന്ന് സുപ്രിം കോടതി തീരുമാനിച്ചതോടെ സ്ഥിതിഗതികള്‍ മാറുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സമവായത്തിന് ഒരു ശ്രമവും നടത്തിയില്ലെന്ന ചെന്നിത്തല പറഞ്ഞു.

പുലര്‍ച്ചെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ജനങ്ങളെ ബന്ദിയാക്കുകയാണ് ബിജെപി ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എല്ലാ ഹര്‍ത്താലിലും ശബരിമല തീര്‍ഥാടകരെ ഒഴിവാക്കുന്ന ബിജെപി ഇത്തവണ അതും ചെയ്തില്ല. പൊറുക്കാനാവാത്ത തെറ്റാണ് ഇന്നത്തെ ഹര്‍ത്താലെന്ന് ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com