ഗജ ഇന്ന് വൈകീട്ടോടെ വീണ്ടും ചുഴലിക്കാറ്റായി മാറും; കനത്തമഴ; മുന്നറിയിപ്പ്

ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഗജ ഇന്ന് വൈകീട്ടോടെ വീണ്ടും ചുഴലിക്കാറ്റായി മാറും; കനത്തമഴ; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദമായി ശക്തി കുറഞ്ഞ് എത്തിയ ഗജ ചുഴലിക്കാറ്റ് ഇന്ന് വൈകീട്ട് 5.30 മണിക്കുള്ളില്‍ വീണ്ടും ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

നിലവില്‍ ഈ ന്യൂനമര്‍ദ്ദം കൊച്ചി തീരത്ത് നിന്നും ഏകദേശം 400 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയാണ് ഉള്ളത്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അനുമാനം അനുസരിച്ച് ഈ ചുഴലിക്കാറ്റ് തുടര്‍ന്നും പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനാണ് സാദ്ധ്യത.  തെക്ക്  കിഴക്ക് അറബിക്കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും 55 മുതല്‍ 65 കി. മീ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 90 കി. മീ വേഗത്തിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്.  മൂന്ന് ദിവസത്തേക്ക് (20.11.18) വരെ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുത്. 

കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കി. മീ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വേഗത്തിലും ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റടിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങള്‍, വൈദ്യുതി തൂണുകള്‍, ടവറുകള്‍ എന്നിവിടങ്ങളില്‍ അധികസമയം ചിലവഴിക്കുകയോ, വാഹനങ്ങള്‍ നിര്‍ത്തി ഇടുകയോ ചെയ്യാന്‍ പാടില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com