ഹര്‍ത്താലിനെ പിന്തുണച്ച് ബിജെപിയും, വലഞ്ഞ് ജനങ്ങള്‍

രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചു തുടങ്ങി
ഹര്‍ത്താലിനെ പിന്തുണച്ച് ബിജെപിയും, വലഞ്ഞ് ജനങ്ങള്‍

തിരുവനന്തപുരം: ഹിന്ദു ഐക്യവേതി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതിയും ഹിന്ദു ഐക്യവേദിയും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപിയും പിന്തുണ പ്രഖ്യാപിച്ചു. സമാധാനപരമായ ഹര്‍ത്താല്‍ ആചരണത്തില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണം എന്നാണ് ബിജെപിയുടെ ആഹ്വാനം. രാവിലെ ആറിന് ആരംഭിച്ച ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചു തുടങ്ങി. 

പൊലീസ് സംരക്ഷണം തന്നാലെ സര്‍വീസ് നടത്തുകയുള്ളുവെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയതോടെ കെഎസ്ആര്‍ടിസി കണ്‍ട്രോള്‍ റൂം ഇത് സംബന്ധിച്ച നിര്‍ദേശം ഡിപ്പോകള്‍ക്ക് നല്‍കി.  ഹര്‍ത്താലിന്റെ ആദ്യ മണിക്കൂറുകളില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയെങ്കിലും ബസുകള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് നടപടി. 
 
എന്നാല്‍ പത്തനംതിട്ടയില്‍ നിന്നും എരുമേലിയില്‍ നിന്നും പമ്പയില്‍ നിന്നും കെഎസ്ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എന്നതിനാല്‍ ഭൂരിപക്ഷം പേരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഹര്‍ത്താല്‍ വിവരം അറിയാതെ ഓടിത്തുടങ്ങിയ സ്വകാര്യ ബസുകളെ പലയിടങ്ങളിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നുണ്ട്. 

ചുരുക്കം ചില ടാക്‌സികളും, ഓട്ടോകളും നിരത്തിലിറങ്ങിയെങ്കിലും ഹര്‍ത്താല്‍ ശക്തമാകുന്നതോടെ നിരത്തുകള്‍ വരും മണിക്കൂറുകളില്‍ ശൂന്യമാകുവാനാണ് സാധ്യത. ജോലിക്കായും, ചികിത്സയ്ക്കായും, ദീര്‍ഘ ദൂര യാത്രയ്ക്കായും പോകുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഹര്‍ത്താല്‍. തിരുവനന്തപുരം കരക്കുളത്ത് മെഡിക്കല്‍ കോളെജ് പരിസരിച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ മെഡിക്കല്‍ കോളെജിലേക്കും ആര്‍സിസിയിലേക്കും പോകേണ്ടവര്‍ക്കായി പൊലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com