കെ സുരേന്ദ്രൻ റിമാൻഡിൽ ; കൊട്ടാരക്കര സബ് ജയിലിൽ ; സിപിഎമ്മിന്റെത് പ്രതികാര നടപടിയെന്ന് സുരേന്ദ്രൻ, പ്രതിഷേധവുമായി ബിജെപി

ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്
കെ സുരേന്ദ്രൻ റിമാൻഡിൽ ; കൊട്ടാരക്കര സബ് ജയിലിൽ ; സിപിഎമ്മിന്റെത് പ്രതികാര നടപടിയെന്ന് സുരേന്ദ്രൻ, പ്രതിഷേധവുമായി ബിജെപി

പത്തനംതിട്ട : വിലക്ക് ലംഘിച്ച് ശബരിമലയിൽ പ്രവേശിക്കാനൊരുങ്ങിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാന്‍‌‍‍ഡ് ചെയ്തു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലെത്തിച്ചു. രാവിലെ ഏഴുമണിയോടെയാണ് പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റിനു മുൻപിൽ ഹാജരാക്കിയത്. കോടതി നടപടികൾ അര മണിക്കൂറോളം നീണ്ടു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കു ശേഷമാണ് മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. 

തനിക്കെതിരായ പൊലീസ് നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ പ്രതികാര നടപടിയാണ് തനിക്കെതിരായ അറസ്റ്റ്. ജയിലില്‍ പോകാന്‍ ഭയമില്ല.  ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ഒരായുസ്സ് മുഴുവന്‍ ജയിലില്‍ കിടക്കാന്‍ തയ്യാറാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പ്രേരിത നടപടിയാണ്. 

കഴിഞ്ഞ ദിവസം മുതല്‍ തനിക്കെതിരെയുള്ള മറ്റു കേസുകള്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മനപ്പൂര്‍വ്വമുള്ള പ്രതികാര നടപടിയാണിതെന്നും സുരേന്ദ്രന്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത തന്നെ പൊലീസ് മര്‍ദ്ദിച്ചു. മൂന്നുമണിക്ക് ബലംപ്രയോഗിച്ച് വാഹനത്തില്‍ കയറ്റേണ്ട കാര്യമില്ലായിരുന്നു. പുറമെ മുറിവുകള്‍ ഇല്ലെങ്കിലും മര്‍ദ്ദനമേറ്റതിന്റെ ബുദ്ധിമുട്ടുകളുണ്ട്. ഇരുമുടിക്കെട്ട് ജയിലില്‍ സൂക്ഷിക്കാനും പ്രാര്‍ഥന നടത്താനുമുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെ.സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുകയാണ്.  ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയപാതകളില്‍ നൂറിടങ്ങളില്‍ രാവിലെ 10 മുതല്‍ 11.30 വരെ ഗതാഗതം തടയുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.  സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചതായും പിള്ള പറഞ്ഞു. സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. പോലീസ് ഇവരെ തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com