തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു 

സിപിഐയിലെ അജിത വിജയന്‍ തൃശൂര്‍ മേയറാകും
തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു 

തൃശൂര്‍: തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയുണ്ടാക്കിയ ധാരണപ്രകാരമാണ് സിപിഎം നോമിനിയായ അജിതയുടെ രാജി. ഇനി സിപിഐയിലെ അജിത വിജയന്‍ തൃശൂര്‍ മേയറാകും. ഞായര്‍ അവധി കണക്കിലെടുത്ത് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനൊടുവില്‍ സെക്രട്ടറി സി. കുഞ്ഞപ്പന് രാജി കത്ത് കൈമാറുകയായിരുന്നു. 

മേയര്‍ പദവിയില്‍ തന്റെ  മൂന്ന് വര്‍ഷത്തെ ഭരണം പ്രകാശപൂരിതമായിരുന്നുവെന്ന് അജിത ജയരാജന്‍ അവകാശപ്പെട്ടു. പൊതുമരാമത്ത് മേഖലയില്‍ 52 കോടി രൂപയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി. 717 പേര്‍ക്ക് വീട് നിര്‍മ്മാണത്തിനായി 15 കോടിയുടെ സഹായം അനുവദിച്ചത് സര്‍വകാല റെക്കോഡാണെന്നും അവര്‍ പറഞ്ഞു.

ആരോഗ്യ മേഖലയില്‍ സേവനമനുഷ്ഠിച്ചിരുന്ന അജിത ജയരാജന്‍ യാദൃച്ഛികമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൊക്കാലെ ഡിവിഷനില്‍ നിന്ന് മത്സരിച്ച് കൗണ്‍സിലിലെത്തിയത്. സിപിഎം മേയര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതോടെ അപ്രതീക്ഷിതമായി മേയര്‍ സ്ഥാനത്തേക്ക്
നിയോഗിക്കപ്പെടുകയായിരുന്നു. 

അജിത വിജയൻ, അജിത ജയരാജൻ, ഡെ. മേയർ ബീന മുരളി എന്നിവർ
അജിത വിജയൻ, അജിത ജയരാജൻ, ഡെ. മേയർ ബീന മുരളി എന്നിവർ

സിപിഐ മഹിളാ നേതാവ് അജിത വിജയനാണ് ശേഷിക്കുന്ന രണ്ട് വര്‍ഷം. കണിമംഗലം ഡിവിഷനെ പ്രതിനിധീകരിക്കുന്ന അജിത വിജയന്‍ രണ്ടാം തവണയാണ് കൗണ്‍സിലില്‍ എത്തുന്നത്. നഗര വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിപിഐ ഒല്ലൂര്‍ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാ സംഘം ജില്ലാ നേതാവുമാണ്. 

മേയറുടെ രാജി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മേയര്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. നിലവില്‍ ഡെപ്യൂട്ടി മേയര്‍ പദവിയിലുള്ള സിപിഐയിലെ ബീന മുരളി ഡിസംബറില്‍ മുന്‍ധാരണ പ്രകാരം രാജി വെക്കും. അതുവരെ സാങ്കേതികമായി തൃശൂരിലെ മേയര്‍, ഡെ.മേയര്‍ പദവികള്‍ സിപിഐക്കായിരിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com