ശബരിമലയില്‍ പുതു തന്ത്രവുമായി ബിജെപി ; എംപിമാരടക്കം സന്നിധാനത്തേക്ക് ; മുഖ്യമന്ത്രിമാരെയും എത്തിക്കാന്‍ നീക്കം 

സന്നിധാനത്തേക്ക് മറ്റ് സംസ്ഥാനങ്ങളിലെ എംപിമാര്‍ അടക്കം കൂടുതല്‍ ദേശീയ നേതാക്കളെ എത്തിക്കാനാണ് നീക്കം
ശബരിമലയില്‍ പുതു തന്ത്രവുമായി ബിജെപി ; എംപിമാരടക്കം സന്നിധാനത്തേക്ക് ; മുഖ്യമന്ത്രിമാരെയും എത്തിക്കാന്‍ നീക്കം 

പത്തനംതിട്ട : ശബരിമല സന്നിധാനത്ത് പൊലീസ് നിയന്ത്രണം ശക്തമാക്കിയതോടെ പുതിയ തന്ത്രവുമായി ബിജെപി രംഗത്ത്. സന്നിധാനത്തേക്ക് മറ്റ് സംസ്ഥാനങ്ങളിലെ എംപിമാര്‍ അടക്കം കൂടുതല്‍ ദേശീയ നേതാക്കളെ എത്തിക്കാനാണ് നീക്കം. ദിവസവും ഓരോ നേതാക്കളെ എങ്കിലും സന്നിധാനത്ത് എത്തിക്കാനാണ് പദ്ധതിയിടുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം നേതാക്കള്‍ക്ക് നല്‍കി. ജനപ്രതിനിധികള്‍ എത്തുമ്പോള്‍ പൊലീസ് സുരക്ഷയോടെ സന്നിധാനത്ത് എത്തിക്കേണ്ടി വരുമെന്നും ബിജെപി വിലയിരുത്തുന്നു. സംസ്ഥാന നേതാക്കളെ തടയുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവുമായി ബിജെപി രംഗത്തുവരുന്നത്. 

നേതാക്കളുടെ അറസ്റ്റ് തങ്ങള്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് ബിജെപിയുടെ കണക്കൂകൂട്ടല്‍. ഇതിനായി ശബരിമലയിലേക്ക് പോയി അറസ്റ്റ് വരിക്കേണ്ട നേതാക്കളുടെ പട്ടികയും നേതൃത്വം തയ്യാറാക്കിയിട്ടുണ്ട്. ഇതനുസരിച്ച് അടുത്ത ദിവസം ബിജെപി സംസ്ഥാന നേതാവ് എഎന്‍ രാധാകൃഷ്ണന്‍ ശബരിമലയിലേക്ക് പോകുമെന്നാണ് സൂചന. നേരത്തെ ശബരിമലയില്‍ പോകാനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികലയെയും, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അതിനിടെ കെ പി ശശികല ഇന്ന് വീണ്ടും സന്നിധാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉച്ചകഴിഞ്ഞ് ശശികല എത്തുമെന്നാണ് സൂചന. എന്നാല്‍ സശികലയെ പൊലീസ് തടയില്ലെന്നാണ് വിവരം. പൊലീസിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ശശികല നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെ സന്നിധാനത്തെത്തുന്ന ശശികല പൊലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും, പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്നും പൊലീസ് കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com