ജാമ്യാപേക്ഷ മാറ്റി; സുരേന്ദ്രന്‍ ജയിലില്‍ തുടരും

ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി
ജാമ്യാപേക്ഷ മാറ്റി; സുരേന്ദ്രന്‍ ജയിലില്‍ തുടരും

പത്തനംതിട്ട: ശബരിമലയില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ഇതുമായി ബന്ധപ്പെട്ട പൊലീസ് റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് പത്തനംതിട്ട കോടതി അറിയിച്ചു. അതിനാല്‍ ഇനി മറ്റന്നാള്‍ ജാമ്യാപേക്ഷ പരിഗണിക്കാനാണ് സാധ്യത.  

വിലക്ക് ലംഘിച്ച് ശബരിമലയില്‍ പ്രവേശിക്കാനൊരുങ്ങിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയത് അടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുരക്ഷാ നിയമങ്ങള്‍ അനുസരിക്കാതെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കുകയും ക്രമസമാധാനനില തകരാറിലാക്കാന്‍ സാധ്യതയുളളതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് പൊലീസ് നടപടി. 

കഴിഞ്ഞ ദിവസം രാത്രി സന്നിധാനത്ത് പോയി ദര്‍ശനവും പിറ്റേദിവസം ഗണപതി ഹോമവും നടത്താനാണ് സുരേന്ദ്രന്‍ നിലയ്ക്കലില്‍ എത്തിയത്. നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ നിന്ന് പമ്പയിലേക്കുളള കെഎസ്ആര്‍ടിസി ബസില്‍ കയറാന്‍ ശ്രമിക്കവേയാണ് എസ്പി യതീശ് ചന്ദ്രയുടെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com