ഭക്തരെ തടയുന്നത് എന്തിന്? അമിത ഇടപെടല്‍ വേണ്ടെന്ന് പൊലീസിനോടു കോടതി; എജി നേരിട്ടു ഹാജരാവണം 

ശബരിമലയില്‍ പൊലീസിന്റെ അമിത ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി
ഭക്തരെ തടയുന്നത് എന്തിന്? അമിത ഇടപെടല്‍ വേണ്ടെന്ന് പൊലീസിനോടു കോടതി; എജി നേരിട്ടു ഹാജരാവണം 

കൊച്ചി: ശബരിമലയില്‍ പൊലീസിന്റെ അമിത ഇടപെടല്‍ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന്റെ പേരില്‍ ഭക്തരെ ബന്ദിയാക്കുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ശബരിമലയില്‍ നടക്കുന്നതെന്തെന്ന് അഡ്വക്കറ്റ് ജനറല്‍ നേരിട്ടു ഹാജരായി വിശദീകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ഭക്തര്‍ക്കു ശുചിമുറികളും കുടിവെള്ളവും ഉറപ്പാക്കണം. കുട്ടികള്‍ ഉള്‍പ്പെടെ വരുന്ന ഭക്തര്‍ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാവരുത്. യഥാര്‍ഥ ഭക്തര്‍ക്ക് സുഗമമായി തീര്‍ഥാടനം നടത്താനാവണമെന്ന് കോടതി പറഞ്ഞു. പൊലീസിന്റെ സ്ഥാനം ബാരക്കിലാണ്. നടപ്പന്തല്‍ ഭക്തര്‍ക്കു വിശ്രമിക്കാനുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

സ്ന്നിധാനത്തേക്കു ഭക്തരെ നിയന്ത്രിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഭക്തര്‍ വിരിവയ്ക്കാതിരിക്കാന്‍ നടപ്പന്തലില്‍ പൊലീസ് വെള്ളം തളിച്ചുവെന്നാണ് ആരോപണം. ഇതിന് പൊലീസിന് ആരാണ് അധികാരം നല്‍കിയത്? ശബരിമലയില്‍ സുരക്ഷാ ചുമതലയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളെ നിയന്ത്രിച്ചു മുന്‍പരിചയം ഉണ്ടോയെന്ന് കോടതി ചോദിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നുച്ചയ്ക്ക് എജി നേരിട്ടു ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com