സന്നിധാനത്തെ കൂട്ട അറസ്റ്റ്; അറസ്റ്റിലായ അന്‍പതോളം പേര്‍ മണിയാര്‍ ക്യാമ്പില്‍, സംസ്ഥാന വ്യാപക പ്രതിഷേധം

മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലുള്ള ശബരിമല കര്‍മ സമിതിയുടെ നാമജപ പ്രതിഷേധം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണി വരെ നീണ്ടിരുന്നു
സന്നിധാനത്തെ കൂട്ട അറസ്റ്റ്; അറസ്റ്റിലായ അന്‍പതോളം പേര്‍ മണിയാര്‍ ക്യാമ്പില്‍, സംസ്ഥാന വ്യാപക പ്രതിഷേധം

ശബരിമല: സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയ അന്‍പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകളുടെ സംസ്ഥാന വ്യാപക പ്രതിഷേധം. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന് മുന്നിലുള്ള ശബരിമല കര്‍മ സമിതിയുടെ നാമജപ പ്രതിഷേധം തിങ്കളാഴ്ച പുലര്‍ച്ചെ നാല് മണി വരെ നീണ്ടിരുന്നു. ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചിട്ടുണ്ട്. 

പാറശാല, നേമം, നെയ്യാറ്റികര, ആലപ്പുഴ, ആറന്മുള പൊലീസ് സ്റ്റേഷനുകള്‍ വളഞ്ഞ് പ്രതിഷേധം തുടരുകയാണ്. ഇതിന് പുറമെ, കൊച്ചി, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നിലും സന്നിധാനത്തെ അറസ്റ്റിന്റെ പേരില്‍ പ്രതിഷേധം നടക്കുന്നുണ്ട്. 

സന്നിധാനത്ത് നിന്നും അറസ്റ്റിലായവരെ മണിയാര്‍ ക്യാമ്പിലേക്ക് മറ്റി. അറസ്റ്റിന് കാരണമായ നാമജപ പ്രതിഷേധം ആസൂത്രിതമാണെന്നാണ് പൊലീസ് വിശദീകരണം. പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണ്. സംഘര്‍ഷം സൃഷ്ടിക്കുക ലക്ഷ്യമിട്ട് എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നും എത്തിയവരാണ് ഇവരെന്നും, ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തുമെന്നും പൊലീസ് വ്യക്തമാക്കി. 

നട അടയ്ക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സന്നിധാനത്ത് നാടകീയ സംഭവങ്ങള്‍.  നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ ആദ്യം അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് നീക്കം. എന്നാല്‍ തങ്ങളെ എല്ലാവരേയും അറസ്റ്റ് ചെയ്യാതെ ഇവരെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടായിരുന്നു പ്രതിഷേധക്കാര്‍ക്ക്. നട അടയ്ക്കുന്നതോടെ സന്നിധാനത്ത് നിന്നും ഇറങ്ങാമെന്ന വാക്ക്‌ പ്രതിഷേധക്കാര്‍ പാലിച്ചില്ലെന്ന് പൊലീസ് പറയുന്നു. നെയ്യഭിഷേകം നടത്തിയതിന് ശേഷം അറസ്റ്റിന് വഴങ്ങാമെന്ന് പ്രതിഷേധക്കാര്‍ നിലപാട് എടുത്തുവെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി. രണ്ട് സംഘങ്ങളായിട്ടാണ് അറസ്റ്റിലായവരെ പൊലീസ് പമ്പയില്‍ എത്തിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com